കണ്ണൂര്‍ : കൊടും ചൂടില്‍ വിളനാശത്തിന്‍റെ നഷ്‌ടത്തില്‍ കര്‍ഷകര്‍ വലയുന്നു. ഉത്‌പന്നത്തിന്‍റെ വില കൂടുമെങ്കിലും വിള നഷ്‌ടം കർഷകർക്ക് ഇടിത്തീയാവുകയാണ്. കേരോത്‌പന്നങ്ങളുടേയും കുരുമുളകിന്‍റെയും വില കൂടിയെങ്കിലും കര്‍ഷകര്‍ക്ക് യാതൊരു മെച്ചവുമുണ്ടാകുന്നില്ല.
ഉത്‌പന്നത്തിന്‍റെ ലഭ്യതക്കുറവാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. വരള്‍ച്ചയും കൊടും ചൂടും കാരണം തേങ്ങ ഉത്‌പാദനത്തില്‍ 40 ശതമാനത്തിലേറെ കുറവുണ്ടായതായാണ് കര്‍ഷകരില്‍ നിന്നും ലഭിക്കുന്ന പൊതുവായ വിവരം. പ്രാദേശിക വെളിച്ചെണ്ണ ആട്ടുകേന്ദ്രങ്ങളില്‍ കൊപ്രയുടെ വരവ് കുറഞ്ഞതായി മില്ലുടമകളും സാക്ഷ്യപ്പെടുത്തുന്നു.
മെയ് മുതലുള്ള മാസങ്ങളില്‍ നാളികേര വിപണിയിൽ പ്രതിസന്ധി രൂക്ഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വരള്‍ച്ചയും ചൂടും ഇനിയും തുര്‍ന്നാല്‍ കാര്‍ഷികോത്‌പാദനത്തിലെ നഷ്‌ടം അതിരൂക്ഷമായിരിക്കും. വടക്കേ മലബാറില്‍ കശുവണ്ടി ഉത്‌പാദനത്തിലെ തകര്‍ച്ചയും വിലക്കുറവും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ഇരുട്ടടി ആയിരിക്കുകയാണ് വേനല്‍ ചൂടിന്‍റെ ആഘാതത്തിലുള്ള കാര്‍ഷിക ഉത്‌പന്നങ്ങളുടെ നാശവും.
വയനാട്ടിലെ തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങുകയാണ്. തേയില ഉത്‌പാദനത്തില്‍ പാതിയോളം കുറവുണ്ടായിട്ടുണ്ടെന്നാണ് ഇപ്പോഴുളള വിവരം. വരും ദിവസങ്ങളില്‍ നഷ്‌ടങ്ങളുടെ കണക്ക് ഇനിയും ഉയര്‍ന്നേക്കും.
കടുത്ത വേനലിൽ കാപ്പി പൂത്തതുപോലും പൊഴിഞ്ഞുവീണു. കാപ്പി പൂക്കാന്‍ വൈകിയെങ്കിലും ഒരു മഴ കിട്ടിയതില്‍ കര്‍ഷകര്‍ ആശ്വസിച്ചുനില്‍ക്കവെ തുടര്‍മഴ പെയ്യാത്തതിനാല്‍ എല്ലാം കരിഞ്ഞുണങ്ങുകയായിരുന്നു. കാപ്പിക്കും തേയിലക്കുമുണ്ടായ വിള നഷ്‌ടം വയനാട്ടിലെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് തന്നെ പ്രതികൂലമാകുമെന്നാണ് കരുതുന്നത്.
ഉത്‌പന്നങ്ങളുടെ നാശം കര്‍ഷകര്‍ക്ക് നേരിടാന്‍ പറ്റാത്ത അവസ്ഥയില്‍ അതിജീവിക്കാനുള്ള കരുത്തിനായി സര്‍ക്കാര്‍ സഹായം വേണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലുണ്ടായ കൊടുംവരൾച്ചയെ പ്രകൃതി ദുരന്തമായി കണ്ട് കർഷകർക്ക് അർഹമായ ധനസഹായം കേന്ദ്രസർക്കാർ നൽകണമെന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.
ALSO READ: ഇടുക്കി ഉപ്പുതറയിൽ കാട്ടുതീ പടർന്ന് പിടിച്ച് ഏക്കറു കണക്കിന് കൃഷി നശിച്ചു