ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിന് എൻഒസിക്കായി സമര്‍പ്പിച്ച അപേക്ഷ ജില്ല കളക്‌ടർ നിരസിച്ചു (District Collector Rejected The Application For NOC). ഹൈക്കോടതി നിർമാണ വിലക്കേർപ്പെടുത്തിയ ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിനാണ് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അനുമതി നിരസിച്ചത്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനും കളക്‌ടർ നിര്‍ദ്ദേശിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള 8 സെന്‍റ് സ്ഥലത്താണ് ഓഫീസ് നിര്‍മ്മാണം തുടങ്ങിയത്. നിര്‍മാണ നിരോധന സ്ഥലത്ത് എൻസിഒ വാങ്ങാതെ ഓഫീസ് പണിഞ്ഞതിനെതിരെ റവന്യു വകുപ്പും പഞ്ചായത്തും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റ് 22 ന് സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം നടത്തുന്നതായി അതിജീവന പോരാട്ട വേദിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.
തുടർന്ന് നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ അന്ന് രാത്രി തന്നെ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് മാധ്യമങ്ങളിൽ വാർത്തയാവുകയും കോടതി ഇടപെടുകയും ചെയ്‌തിരുന്നു. തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും വീണ്ടും നിർമ്മാണം നടത്തിയാൽ ഈ ഭൂമിയുടെ ഉടമസ്ഥനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
പിന്നീട് നിർമ്മാണ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം രണ്ട് മാസം മുൻപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ നേതാവ് വി എൻ മോഹനൻ കേസിൽ കക്ഷി ചേരുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാൻ കോടതി ജില്ല കളക്‌ടർക്ക് നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ സിപിഎം ജില്ലാ കളക്‌ടർക്ക് എൻഒസിക്കുള്ള അപേക്ഷ നൽകി.
എന്നാൽ വർഗീസ് നിയമലംഘനം നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിലാണ് ജില്ല കളക്‌ടർ ഇപ്പോൾ എൻഒസി നിഷേധിച്ചത്. വർഗീസ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ ഗാർഹികേതര നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. ഇതുകൂടാതെ കെട്ടിടം നിർമ്മിച്ച വസ്‌തുവിൽ ഉള്ള 12 ചതുരശ്ര മീറ്റർ ഭൂമിക്ക് പട്ടയും ഇല്ലെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് ഭൂമി കൈവശം വെച്ചിരിക്കുന്നത് ആയും റവന്യൂ വകുപ്പ് കണ്ടെത്തി.