ഇടുക്കി : തനിക്ക് നീതി ലഭ്യമായിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സിപിഎം നേതാക്കളെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചു. മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ താൻ അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി (S Rajendran on cpm Membership).
ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. തനിക്ക് നീതി ലഭ്യമായിട്ടില്ലെന്നും പാർട്ടിയിലേക്ക് തിരിച്ചുപോയാൽ സംരക്ഷണം കിട്ടുമെന്ന് എന്താണ് ഉറപ്പെന്നും എസ് രാജേന്ദ്രൻ ചോദിക്കുന്നു. പാർട്ടിയുടെ തീരുമാനത്തിൽ താൻ അനുഭവിച്ച മാനസിക വിഷമം അത്രത്തോളമുണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനർഥം മറ്റൊരു പാർട്ടിയിലേക്ക് പോകുമെന്നല്ല. ചതിച്ചവർക്കൊപ്പം പോകാൻ താൽപ്പര്യമില്ലാത്തതിനാലാണ് മെമ്പർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്‌തത്. ഇതുവരെയും സസ്‌പെൻഷൻ നടപടി പിൻവലിക്കാൻ തയ്യാറാകാത്തതില്‍ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം, ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അദ്ദേഹം തളളിയിരുന്നു. എന്നാൽ സിപിഎം സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ മറിച്ചുളള തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.