കോഴിക്കോട്: സിപിഎം നേതാവ് പി. ജയരാജൻ അണികളുടെ സ്വന്തം 'പി.ജെ' ആയത് തന്‍റെ രക്തം നല്‍കിയായിരുന്നു. അതേ ജയരാജൻ ഇന്ന് പാർട്ടിയിൽ അനഭിമതനായപ്പോൾ കോടതി വിധിയും തുണച്ചില്ല. 1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു എൽഡിഎഫ് വടകര ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്ന പി. ജയരാജൻ.
തിരുവോണ ദിനത്തിൽ ഉച്ചയ്‌ക്കുള്ള ഒഴിവ് സമയത്ത് കിഴക്കെ കതിരൂരിലെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴാണ് ഒരു സംഘം ബോംബും വാളും മഴുവുമായി വീട്ടിലേക്ക് ഇരച്ച് കയറിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഘം ജയരാജന്‍റെ ശരീരം കൊത്തിനുറുക്കി.
കൈകൾ തൊട്ട് നട്ടെല്ല് വരെ വെട്ടി നുറുക്കി. ചോരയിൽ കുളിച്ച് കിടന്ന ജയരാജൻ തീർന്നെന്ന് കരുതിയാണ് അക്രമികൾ തിരിച്ച് പോയത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ബെഡ്ഷീറ്റിൽ വാരിക്കെട്ടി കോഴിക്കോട്ടേ ആശുപത്രിയിലേക്ക് കുതിച്ചു. പിന്നാലെ എറണാകുളത്തേക്ക്. അതിനിടയിൽ വീട്ടിലെത്തിയ സഖാക്കൾക്ക് കട്ടിലിനടിയിൽ നിന്നും ഒരു വിരൽ കിട്ടി.
ഇടത് കൈയിലെ തളളവിരലായിരുന്നു അത്. ഒരു ബോക്‌സിലിട്ട് എംവി ജയരാജനും സംഘവും എറണാകുളം അമൃതയിലേക്ക് തിരിച്ചു. പക്ഷേ അവിടെ എത്തിയപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. തളർന്ന വലത് കൈയ്‌ക്ക് പകരം നാല് വിരലുള്ള ഇടത് കൈ എതിരാളികളിലേക്ക് നേരെ വീണ്ടും ഉയര്‍ന്നു. ഒറ്റക്കയ്യനെന്ന് എതിരാളികൾ പരിഹസിച്ച പി. ജയരാജൻ കണ്ണൂർ സിപിഎമ്മിൽ അതികായനായി.
കണ്ണൂരിൽ അരങ്ങേറിയ പല കൊലപാതകങ്ങളിലും പി ജയരാജൻ പ്രതിസ്ഥാനത്തായി. കണക്ക് വച്ച് കൊലപാതകം നടക്കുന്ന കണ്ണൂർ ഒരു പേടിസ്വപ്‌മമായി. വീട്ടിൽ കയറി വെട്ടിയ കേസിലെ പ്രതി കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ പി. ജയരാജനെ തേടി സിബിഐ വരെ എത്തി. അതിനെല്ലാം ഇടയിലും ജീവൻ നല്‍കാന്‍ തയ്യാറായി കൂടെ നിന്ന അണികളിലൂടെ ജയരാജൻ വളർന്നു കൊണ്ടേയിരുന്നു.
2010 സിപിഎം ജില്ല സെക്രട്ടറിയായതിന് പിന്നാലെ പരീക്ഷണങ്ങൾ പലത് നടത്തി. സംഘ്പരിപാർ സംഘടനകൾക്ക് ക്ഷീണമുണ്ടാക്കുന്ന നീക്കങ്ങളായിരുന്നു അതിലേറെയും. തന്നെ വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ സംഘത്തിലെ അംഗം ഉൾപ്പെടെയുള്ള നിരവധി സംഘ്പരിവാറുകൾ സിപിഎമ്മിലേക്ക് എത്തിക്കാൻ 'പിജെ'ക്കായി.
അമ്പാടിമുക്ക് പോലുള്ള ഒരു ഗ്രാമത്തെ ഒന്നടങ്കം സിപിഎമ്മിലെത്തിച്ചു. സ്വാന്തന പരിചരണ നയത്തിന്‍റെ ചുവടുപിടിച്ച് ഇനിഷ്യേറ്റീവ് ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ (ഐആർപിസി). മതേതര ശ്രീകൃഷണ ജയന്തി തൊട്ട് യോഗ വരെ. മഹാഭാരതത്തിലെ ശ്രീകൃഷ്‌ണനുമാക്കി. പിണറായി മുഖ്യമന്ത്രി ആയാൽ തേരാളിയായ ആഭ്യന്തര മന്ത്രി പി. ജയരാജൻ എന്നതായിരുന്നു അണികൾ സ്വപ്‌നം കണ്ടത്. എന്നാൽ കേസിൽ അകപ്പെട്ട് ജില്ലയിൽ പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയിൽ 2016ലെ തെരഞ്ഞെടുപ്പും കടന്നു പോയി.
സിബിഐയോട് പോലും നിയമ പോരാട്ടത്തിൽ വിജയിച്ച ജയരാജൻ വളർച്ച വാനോളമെത്തി. മുഖ്യമന്ത്രിയായ പിണറായിക്കും സംസ്ഥാന സെക്രട്ടറി കോടിയേരിക്കും മുകളിൽ ഹർഷാരവങ്ങൾ ഏറ്റുവാങ്ങി. 'ചെഞ്ചോരപ്പൊൻ കതിരല്ലേ, ചെമ്മണ്ണിൻ മാനം കാക്കും, നന്മതൻ പൂമരമല്ലോ, കണ്ണൂരിന്‍റെ താരകമല്ലേ, ജയജയരാജൻ, ധീരസഖാവ്'- ആരാധകർ പാട്ടും കവിതയുമൊക്കെയായി ജയരാജനെ പുകഴ്‌ത്തിയപ്പോൾ പാർട്ടിയിൽ സംശയങ്ങൾ തുടങ്ങി. വ്യക്തിപൂജ വിവാദം പി.ജയരാജൻ എന്ന നേതാവിന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോയത്.
ഇപ്പോൾ സിപിഎം സംസ്ഥാന കമ്മറ്റിയിലെ ഒരു അംഗം മാത്രമാണ് പിജെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലും എടുത്തില്ല. ആകെയുള്ളത് ഖാദി ബോർഡിന്‍റെ വൈസ് ചെയർമാർ എന്ന സ്ഥാനം മാത്രം. സ്വഭാവദൂഷ്യത്തിന് സിപിഎം നടപടിയെടുത്ത പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം സംസ്ഥാന കമ്മറ്റിയിൽ തുറന്നടിച്ചതോടെ എല്ലാം തീർന്നു. ഒടുവിൽ വന്ന ഹൈക്കോടതി വിധിയും തിരിച്ചടി തന്നെയാണ്.