തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെ ഉയര്‍ത്തിയ കൈക്കൂലി ആരോപണം സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നു. നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം ഉന്നയിച്ച് ടിവി പ്രശാന്തിന്‍റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയ പരാതി എഡിഎമ്മിന്‍റെ മരണത്തിന് ശേഷം തയ്യാറാക്കിയതാണെന്ന് മാത്രമല്ല, പ്രശാന്തിന്‍റെ ഒപ്പ് ഉള്‍പ്പെടെ ഇട്ടിട്ടുള്ള പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ ഒരു സിപിഎം കേന്ദ്രത്തിലാണെന്ന ശക്തമായ ആരോപണമാണ് പുറത്തുവരുന്നത്. മാത്രമല്ല, പ്രശാന്തിന്‍റെ ഒപ്പിട്ടതും വ്യാജമായി തിരുവനന്തപുരത്താണെന്നും ഇതോടൊപ്പം ആരോപണമുയരുന്നു. ഇത്തരത്തില്‍ തിരുവനന്തപുരത്തെ സിപിഎം കേന്ദ്രത്തില്‍ തയ്യാറാക്കിയ ശേഷമാണ് പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉന്നതന് കൈമാറിയതെന്ന സൂചനയും ശക്തമാകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് എഡിഎം നവീന്‍ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ നല്‍കുകയും ചെയ്‌തുവെന്ന ആരോപണത്തില്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ എന്‍ഒസിക്ക് അപേക്ഷ നല്‍കിയ പ്രശാന്തന്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു നല്‍കിയ പരാതിയിലെ പ്രശാന്തിന്‍റെ ഒപ്പും പെട്രോള്‍ പമ്പ് തുടങ്ങാനായി ഭൂമി പാട്ടത്തിനെടുത്തത് സംബന്ധിച്ച കരാര്‍ പത്രത്തിലെ പ്രശാന്തിന്‍റെ പേരും ഒപ്പും മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയ പരാതിയിലെ പേരില്‍ നിന്നും ഒപ്പില്‍ നിന്നും വ്യത്യസ്‌തമാണ്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് ലഭിച്ച പരാതി സംബന്ധിച്ച കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് പോകുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കുമെന്ന വിലയിരുത്തലുണ്ട്. ഇത് കണക്കിലെടുത്ത് പ്രശാന്തിന്‍റെ മൊഴി രേഖപ്പെടുത്തി കേസ് ഒതുക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്.
Also Read: നവീൻ ബാബു അവസാനം മെസേജ് അയച്ചത് രണ്ട് പേര്‍ക്ക്; സന്ദേശത്തില്‍ ഭാര്യയുടെയും മകളുടെയും നമ്പര്‍