തിരുവനന്തപുരം: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്. രാവിലെ 11 മണിക്ക് എകെജി സെന്‍ററില്‍ ആരംഭിച്ച പൊതുദര്‍ശനം ഇപ്പോഴും തുടരുകയാണ്. വൈകിട്ട് 3 മണിവരെയാകും പൊതുദര്‍ശനം. ആയിര കണക്കിനാളുകളാണ് യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എകെജി സെന്‍ററില്‍ എത്തുന്നത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ യെച്ചൂരി അവസാനമായൊരു നോക്ക് കാണാനെത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മറ്റി അംഗങ്ങളും ചേർന്നാണ് രാവിലെ അദ്ദേഹത്തിന്‍റെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് വൈകിട്ട് 5 മണിക്ക് 14 അശോക റോഡ് വരെ മൃതദേഹവുമായി വിലാപയാത്രയായി നീങ്ങും. തുടര്‍ന്ന് മൃതദേഹം എയിംസില്‍ എത്തിക്കും.
സെപ്‌റ്റംബര്‍ 12നാണ് സിപിഎം നേതാവായ സീതാറാം യെച്ചൂരി മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 1952 ഓഗസ്റ്റ് 12ന് വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്‍റെയും മകനായി ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
പേരിന്‍റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്ന് തീരുമാനിച്ച് സീതാറാം യെച്ചൂരിയായി,അച്ഛന്‍ ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എഞ്ചിനീയറായിരുന്നു. ഇടക്കിടെയുള്ള സ്ഥലം മാറ്റത്തിനൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി.
പ്രാഥമിക വിദ്യാഭ്യാസം ഹൈദരാബാദിലായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി. ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിഎ ഇക്കോണമിക്‌സ് ജവഹർലാൽ നെഹ്റു സർവകാലാശാലയിൽ നിന്ന് എംഎ ഇക്കോണമിക്‌സ് എന്നിവയിലും റാങ്ക് നേടി. ജെഎൻയുവിലെ പിഎച്ച്ഡി പഠനം അടിയന്തരാവസ്ഥകാലത്തെ ഒളിജീവിതത്തിൽ മുടങ്ങി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരീക്ഷകളിലെല്ലാം റാങ്ക് നേടിയ, ടെന്നീസ് കമ്പക്കാരനായ പയ്യനെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിലേക്ക് വലിച്ചടുപ്പിച്ചതും നേതാവായി വളർത്തിയതും ഡൽഹി ജെഎൻയു ക്യാമ്പസാണ്. പിന്നീട് പാർട്ടിയിലെ സഹപ്രവർത്തകനായി മാറിയ പ്രകാശ് കാരാട്ട് ജെഎൻയുവിൽ യെച്ചൂരിയുടെ സീനിയറായിരുന്നു.1974ൽ എസ്.എഫ്.ഐയിൽ അംഗത്വം നേടി. മൂന്നു വട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തുമെത്തി യെച്ചൂരി.
എസ്.എഫ്.ഐയുടെ അഖിലേന്ത്യ അധ്യക്ഷനായിരിക്കെ 1984ൽ 32ാം വയസിൽ നേരിട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരി എത്തി. 1992ൽ മദ്രാസിൽ നടന്ന 14ാം പാർട്ടി കോൺഗ്രസിലൂടെ പൊളിറ്റ് ബ്യൂറോയിലെത്തുമ്പോൾ പ്രായം 40 മാത്രം. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, യെച്ചൂരി എന്നിവർക്ക് പാർട്ടി ദേശീയ നേതൃത്വത്തിൽ ചുമതല നൽകുന്നത് ഒരേകാലത്ത്. 1988ൽ തിരുവനന്തപുരത്ത് നടന്ന 13ാം പാർട്ടി കോൺഗ്രസിൽ നിലവിൽ വന്ന സെക്രട്ടേറിയറ്റിലും അംഗങ്ങളായ ഈ മൂവർ സംഘത്തിന്‍റെ കൈയിലായിരുന്നു പിന്നീടങ്ങോട്ട് പാർട്ടി നേതൃത്വം.
അവർക്കിടയിൽ ആശയപരമായ ഭിന്നതയുണ്ടായതും ചരിത്രം. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കുന്നത് കാരാട്ടിൽ നിന്നാണ്. 2018ൽ ഹൈദരാബാദിലെ 22ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദവിയിലേക്ക് എസ്.ആർ.പി എതിർസ്ഥാനാർഥിയായി വന്നെങ്കിലും പിൻവാങ്ങി. 2005 മുതൽ 2018 വരെ യു.പി.എ, എൻ.ഡി.എ സർക്കാരുകളുടെ കാലത്ത് മികച്ച പാർലമെന്‍റെറിയൻ ആയി തിളങ്ങിയ യെച്ചൂരി പ്രതിപക്ഷത്തിന്‍റെ ശബ്‌ദമായി മുഴങ്ങി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളിൽ അംഗമായിരിക്കെ ടുജി സ്പെക്ട്രം അഴിമതിയുടെ വ്യാപ്‌തി ചൂണ്ടിക്കാട്ടിയും മറ്റുമുള്ള ഇടപെടലുകൾ ശ്രദ്ധേയം.
2015ൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാരിന് ഭേദഗതിക്ക് വഴങ്ങേണ്ടി വന്നത് യെച്ചൂരി അടക്കമുള്ള പ്രതിപക്ഷത്തിന്‍റെ ശക്തമായ നിലപാടുകൾ മൂലമായിരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ ദലിത് വിദ്യാർഥി രോഹിത് വെമുല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സ്‌മൃതി ഇറാനിയുമായി സഭയിൽ കൊമ്പുകോർത്തു. രാജ്യസഭാംഗമായി യെച്ചൂരി തുടരണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചെങ്കിലും സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം മറ്റൊന്നായിരുന്നു. എങ്കിലും പാർട്ടി നേതൃ സ്ഥാനത്ത് പ്രതിപക്ഷ നേതാക്കൾക്കിടയിലെ പാലമായി അദ്ദേഹം സജീവമായിരുന്നു. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കും ഊർജം നൽകുന്നതായിരുന്നു യെച്ചൂരിയുടെ സാന്നിധ്യം.
പഠിക്കാൻ മിടുക്കാനായിരുന്ന യെച്ചൂരിയെ മുഴുവൻ സമയ പാർട്ടിക്കാരനാക്കാൻ വീട്ടിൽ സംസാരിച്ച് ബോധ്യപ്പെടുത്താനുള്ള ചുമതല സിപിഎം ആദ്യ ജനറൽ സെക്രട്ടറിയും നാട്ടുകാരനുമായ പി. സുന്ദരയ്യയ്ക്കായിരുന്നു. പിന്നീട് വഴികാട്ടിയായത് അന്തരിച്ച മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിതും. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ നേതാക്കളുമായി അടുപ്പം പുലർത്തുന്നതിലും മുന്നണി രാഷ്‌ട്രീയ സംവിധാനത്തിന്‍റെ വക്താവായതിലും സുർജിത്തിന്‍റെ സ്വാധീനം കാണാം. ബസവ പുന്നയ്യ, സുർജിത്, ഇ.എം.എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം നടത്തിയ യാത്രകളും മറ്റു പ്രമുഖരുമായുള്ള കൂടിക്കാഴ്‌ചകളും യെച്ചൂരിയിലെ നേതാവിനെ പാകപ്പെടുത്തുന്നതിൽ ഏറെ നിർണായകമായി.
” സാമൂഹിക മാറ്റവും സാമ്പത്തിക മാറ്റവും എന്ന രണ്ട് ജനാധിപത്യ നടപടികളിലൂന്നിയായിരുന്നു 72 കാരനായ യെച്ചൂരിയുടെ നിലപാടുകൾ. ഇത് വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്‌തു. എതിര്‍ രാഷ്‌ട്രീയത്തില്‍ ഉള്ളവരെ പോലും കണ്ണീരണിയിച്ചാണ് യെച്ചൂരിയുടെ മടക്കം. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്‌തി ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവരാണ് മക്കള്‍.