തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും നേരിട്ട പരാജയം പഠിക്കാന്‍ സിപിഎം. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന നേതൃയോഗം തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിൽ തുടങ്ങി. ഇന്നും നാളെയും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗവും ചേരും.
ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന നേതൃത്വം തോല്‍വിയുടെ കാരണം പരിശോധിക്കുക. സംസ്ഥാനത്തെ 20 മണ്ഡലം കമ്മിറ്റികളുടെയും 14 ജില്ല ഘടകങ്ങളുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ ശേഷം പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് സുദീര്‍ഘമായ നേതൃയോഗം രൂപം നൽകും.
ഭരണവിരുദ്ധ വികാരവും സര്‍ക്കാരിന്‍റെ വീഴ്‌ചയും ഉള്‍പ്പടെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിശോധിച്ച ശേഷം തോൽവിയെ കുറിച്ച് പ്രതികരിക്കാമെന്നായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.