കോഴിക്കോട്: കോൺഗ്രസിന്‍റെ പ്രമുഖ നേതാവായ രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവന്നവർ മൂക്കിനു താഴെ കാണാത്തവരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോഴിക്കോട് കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ എത്തിയതോടെ അതിനുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് തിരിച്ചറിയാത്തവരാണ് അദ്ദേഹത്തെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഇരുന്നൂറോളം സീറ്റുള്ള ഇന്ത്യയുടെ ഹൃദയ ഭൂമിയായ നോർത്ത് ഇന്ത്യയാണോ 20 എംപിമാർ മാത്രം വിജയിക്കുന്ന കേരളമാണോ പ്രാധാന്യം എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ആരാണ് ഇന്ന് രാജ്യത്ത് നടക്കുന്ന സമരത്തിൽ കോൺഗ്രസിന്‍റെ മുഖ്യ ശത്രു ആർഎസ്എസ് ബിജെപിയാണോ അതോ ഇടതുപക്ഷമാണോ എന്ന ആ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം കണ്ടുപിടിക്കാൻ
കഴിയുമായിരുന്നെങ്കിൽ കോൺഗ്രസ് ഈ തീരുമാനമെടുക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആരാണ് എതിർ സ്ഥാനാർത്ഥി എന്ന് നോക്കാതെ എൽഡിഎഫ് സ്ഥാനാർത്ഥി വയനാട്ടിൽ ഒന്നാം തരം പോരാട്ടം കാഴ്‌ചവയ്ക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. നരേന്ദ്രമോദിയും ബിജെപിയും കനത്ത പരാജയ ഭീതിയിൽ ആയതുകൊണ്ടാണ് ഏറെ പ്രചരണ തിരക്കുണ്ടായിട്ടും കേരളത്തിൽ നാലാമതും അദ്ദേഹം എത്തിയതെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. അഞ്ചാം വട്ടവും നരേന്ദ്രമോദി കേരളത്തിൽ വരുമെന്ന കാര്യം ഉറപ്പാണ് പരാജയഭീതി പൂണ്ട ഒരാളുടെ വെപ്രാളം ആണ് ഇതിലൂടെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡ്യ സഖ്യത്തെ നേരാം വണ്ണം നയിക്കാൻ അതിലെ പ്രധാന കക്ഷികൾക്ക് കഴിഞ്ഞാൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ സുനിശ്ചിതമായും ഈ സഖ്യത്തിന് സാധിക്കുമെന്ന ആത്മവിശ്വാസവും ബിനോയ് വിശ്വം പ്രകടിപ്പിച്ചു. വാർത്ത സമ്മേളനത്തിൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടിവി ബാലൻ, സിപിഐ ജില്ല സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.