ഇടുക്കി: നെടുങ്കണ്ടത്ത് കയ്യേറ്റഭൂമിയിൽ വീണ്ടും പാർട്ടി ഓഫിസ് നിർമാണം. ഉടുമ്പൻ ചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിലാണ് സിപിഐ ലോക്കൽ കമ്മറ്റി ഓഫിസ് തുറന്നത്. കൂട്ടാർ ടൗണിൽ റവന്യൂ പുറമ്പോക്കുകൾ കയ്യേറി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടത്തിലാണ് നിരോധനം മറികടന്ന് ഇപ്പോൾ വീണ്ടും നിർമാണ പ്രവൃത്തികൾ നടത്തി ഓഫിസ് തുറന്നത്.
കെട്ടിടത്തിൽ നിർമാണ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചപ്പോൾ തന്നെ വില്ലേജ് ഓഫിസർ നിരോധന ഉത്തരവ് നൽകിയെങ്കിലും ഒരാഴ്‌ചയോളം നിർമാണ പ്രവൃത്തികൾ നടത്തിയ ശേഷം ഓഫിസ് തുറക്കുകയായിരുന്നു. പത്തുവർഷം മുമ്പ് എസ്‌എൻഡിപി കൂട്ടാർ ശാഖ യോഗമാണ് കെട്ടിടം നിർമ്മിച്ചത്. നിർമാണ ഘട്ടത്തിൽ തന്നെ കെട്ടിടം നിർമ്മിക്കുന്നത് റവന്യൂ പുറമ്പോക്ക് കയ്യേറി ആണെന്ന് കണ്ടെത്തിയിരുന്നു. പിൻഭാഗം തോട് പുറമ്പോക്കും മുൻഭാഗം റോഡ് പുറമ്പോക്കും. ഇതിനെ തുടർന്ന് അന്ന് നിരോധന ഉത്തരവ് നൽകിയിരുന്നു.
പിന്നീട് എസ്‌എൻഡിപി യോഗം ഭാരവാഹികൾ നിർമാണ പ്രവര്‍ത്തികളിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഇതിനിടയിലാണ് ഈ മാസം 12ന് സിപിഐ കൂട്ടാർ ലോക്കൽ കമ്മിറ്റി നേതാക്കൾ കെട്ടിടത്തിൽ ഓഫിസ് പണി ആരംഭിച്ചത്.
നിർമ്മാണം തടഞ്ഞ് ഉത്തരവിട്ട കെട്ടിടത്തിൽ ഇഷ്‌ടിക കെട്ടി റൂമുകൾ തിരിച്ചു. ഇതിനെ തുടർന്ന് 14ന് കരുണാപുരം വില്ലേജ് ഓഫിസർ വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. എന്നാൽ, സിപിഐ ജില്ല നേതാക്കളുടെ നിർദേശപ്രകാരം പ്രാദേശിക നേതൃത്വം കെട്ടിടം പണി പൂർത്തീകരിക്കുകയായിരുന്നു.
ഓഫിസ് ഉദ്ഘാടനവും കഴിഞ്ഞു. ഉടുമ്പൻചോല എൽ ആർ തഹസിൽദാർ ജില്ല കലക്‌ടർക്ക് സംഭവത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അടുത്തദിവസം തന്നെ പാർട്ടി ഓഫിസ് ഒഴിപ്പിക്കുവാനാണ് റവന്യൂ സംഘത്തിന്‍റെ നീക്കം. ഇതേ സമയം സിപിഐ ജില്ല നേതൃത്വത്തിന്‍റെ സമ്മർദത്തെ തുടർന്ന് റവന്യൂ അധികൃതരുടെ മൗനാനുവാദത്തോടുകൂടിയാണ് നിയമലംഘനം നടന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.