തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് സി പി ഐ. വയനാട്ടില്‍ ഉള്‍പ്പെടെ പോര് മുറുകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി സി പി ഐ(Lok Sabha Election CPI Kerala Candidate Possibilities). തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അന്തിമ പട്ടിക പുറത്ത് വിട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് നീക്കമെന്നാണ് സൂചന.
സി പി ഐ യുടെ സാധ്യതാ പട്ടികയില്‍ വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജയ്ക്കാണ് സാധ്യത. പന്ന്യന്‍ രവീന്ദ്രനെയാണ് തിരുവനന്തപുരത്ത് പരിഗണിക്കുന്നത്. അതേ സമയം തൃശൂരില്‍ വി എസ് സുനില്‍ കുമാറിനെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തൃശൂരില്‍ കനത്ത ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നതിനിടെയാണ് സാധ്യതാ പട്ടികയുടെ സൂചനകള്‍ പുറത്ത് വരുന്നത്. മാവേലിക്കരയില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റും മന്ത്രി പി പ്രസാദിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ സി എ അരുണ്‍കുമാറിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാല് സീറ്റിലാണ് സി പി ഐ മത്സരിക്കുന്നത്. സി പി ഐ ദേശീയ നിര്‍വാഹക സമിതി അംഗവും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യയുമായ ആനി രാജ സ്ഥാനാര്‍ത്ഥിയായാല്‍ ദേശീയ തലത്തില്‍ തന്നെ വയനാട്ടിലെ മത്സരം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.