കൊല്ലം: തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് കൊല്ലം വെളിനല്ലൂരിൽ അഞ്ച് പശുക്കൾ ചത്തു. വെളിയന്നൂർ വട്ടപ്പാറ ഹസ്‌ബുള്ളയുടെ ഫാമിലെ അഞ്ച് പശുക്കളാണ് ചത്തത്. ഇന്നലെ പശുക്കൾക്ക് നൽകിയ തീറ്റയിൽ അമിതമായി പൊറോട്ടയും ചക്കയും ഉൾപ്പെടുത്തിയിരുന്നു. ശേഷം വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്.
അവശനിലയിലായ പശുക്കളെ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് എമർജെൻസി റസ്‌പോൺസ് ടിം എത്തി ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്‌റ്റ്‌മോർട്ടവും നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫാം സന്ദർശിച്ചു. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. പശുക്കളെ നഷ്‌ടപ്പെട്ട കർഷകന് നഷ്‌ടപരിഹാരം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും ജെ ചിഞ്ചുറാണി അറിയിച്ചു.