പത്തനംതിട്ട : അരളിച്ചെടിയുടെ ഇല ഭക്ഷിച്ച പശുവും കിടാവും ചത്തു. അടൂർ തെങ്ങമത്ത് വെള്ളിയാഴ്‌ചയാണ് (മെയ് 3) സംഭവം. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്.
സമീപത്തെ വീട്ടില്‍ വെട്ടിക്കളഞ്ഞ അരളി പശുക്കള്‍ക്ക് തീറ്റക്കൊപ്പം അബദ്ധത്തിൽ നൽകിയതാണ് മരണകാരണം. പശുവിനും കിടാവിനും അസുഖം ബാധിച്ചതോടെ ദഹനക്കേടാണെന്ന് കരുതിയ പങ്കജവല്ലിയമ്മ മൃഗാശുപത്രിയിലെത്തി മരുന്ന് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ അസുഖം ഭേദമാകത്തത് കൊണ്ട് പശുക്കള്‍ക്ക് കുത്തിവയ്‌പ്പും എടുത്തു.
കുത്തിവയ്‌പ്പെടുക്കാന്‍ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടര്‍ വീടിന് സമീപം അരളി കണ്ടെത്തിയതോടെ സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് അരളി നല്‍കിയ കാര്യം പങ്കജവല്ലിയും വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പശുവും കിടാവും ചത്തത്.
തുടര്‍ന്ന് നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ പശുക്കള്‍ വലിയ അളവില്‍ അരളിയുടെ ഇവ ഭക്ഷിച്ചതായി കണ്ടെത്തി. ഇതോടെ പശുക്കള്‍ ചാകാന്‍ കാരണം അരളി ഇലയില്‍ നിന്നുള്ള വിഷബാധയാണെന്നും സ്ഥിരീകരിക്കപ്പെട്ടു. പങ്കജവല്ലിയ്‌ക്ക് മറ്റ് രണ്ട് പശുക്കള്‍ കൂടിയുണ്ട്. ഇവയ്‌ക്ക് അരളിയുടെ ഇല നല്‍കിയിരുന്നില്ല. അതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.