എറണാകുളം: പൊലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. തെരുവിൽ ജോലി എടുക്കുന്നവർക്കും മാനസിക സമ്മർദ്ദം ഉണ്ടെന്ന് കോടതി. മാനസിക സമ്മർദ്ദം മോശമായി പെരുമാറാനുള്ള ലൈസൻസ് അല്ലെന്നും മോശം പെരുമാറ്റം നിയന്ത്രിക്കാൻ ഇനിയൊരു സർക്കുലർ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
1965 ന് ശേഷം പത്തിലധികം സർക്കുലറുകൾ പൊലീസിന്‍റെ പെരുമാറ്റം സംബന്ധിച്ച് ഇറക്കിയിട്ടുണ്ട്. എന്നാൽ ഈ സർക്കുലറുകളെ പൊലീസ് ഉദ്യോഗസ്ഥർ ഗൗരവമായി എടുക്കുന്നില്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സർക്കുലറുകൾ ഇറക്കേണ്ടി വരുന്നതെന്നും കോടതി ചോദിച്ചു. പാലക്കാട് ആലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി പെരുമാറിയതിൽ സ്വമേധയ എടുത്ത കേസിലായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. പൊതുജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് ഇറക്കിയ സർക്കുലർ ഡിജിപി കോടതിയിൽ സമർപ്പിച്ചു. ജനുവരി നാലിനാണ് അപകടത്തിൽ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടാൻ കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് ആലത്തൂർ എസ്ഐ റിനീഷ് മോശമായി പെരുമാറിയത്. റിനീഷിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു.