തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമെത്തിയ ചരക്ക് കപ്പൽ സാൻ ഫെർണാണ്ടോയിൽ നിന്നും ആദ്യ കണ്ടെയ്‌നർ യാർഡിലേക്ക് ഇറക്കി. 12:30 നാണ് കപ്പലിൽ നിന്നും ആദ്യ കണ്ടെയ്‌നർ തുറമുഖത്തെ യാർഡിലേക്ക് ഇറക്കിയത്. തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ, വിഴിഞ്ഞം ഇന്‍റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) എം ഡി ദിവ്യ എസ് അയ്യർ എന്നിവരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് ആദ്യ കണ്ടെയ്‌നർ യാർഡിലേക്ക് ക്രെയിനുകൾ ഉപയോഗിച്ച് ഇറക്കിയത്.
ഷിപ്പ് ടു ഷോർ ക്രയിൻ ഉപയോഗിച്ചാണ് ചരക്ക് നീക്കം ആരംഭിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ഇന്‍റർ ട്രാൻസിസ്റ്റ് വെഹിക്കിൾ മാർഗം ട്രെയിലറുകളിലേക്കാണ് ആദ്യം കണ്ടെയ്‌നറുകൾ എത്തിക്കുക. തുടർന്ന് നിശ്ചിത ട്രാക്കിലൂടെ ഇന്‍റർ ട്രാൻസിസ്റ്റ് വെഹിക്കിൾ കണ്ടെയ്‌നറുകൾ തുറമുഖത്തിലെ യാർഡിൽ നിശ്ചയിച്ചയിടത്തേക്ക് നീക്കും. തുറമുഖത്തിൽ സജീകരിച്ച പോർട്ട് ഓപ്പറേഷൻ മന്ദിരത്തിൽ നിന്നുമാണ് മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുക.
8 ഷിപ്പ് ടു ഷോർ ക്രെയിനുകൾ ഉപയോഗിച്ചാണ് കണ്ടെയ്‌നറുകൾ നീക്കം ചെയ്‌ത് വരുന്നത്. ഒരേ സമയം 35000 കണ്ടെയ്‌നറുകൾ സൂക്ഷിക്കാൻ ശേഷിയുള്ള വിഴിഞ്ഞത്തെ യാർഡിൽ ഇന്ന് 2000 കണ്ടെയ്‌നറുകളാകും ഇറക്കുക. നാളെ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങുകൾ പൂർത്തിയാക്കുന്നതിന് മുൻപ് വരെ ചരക്ക് നീക്കം തുടരും. എന്നാൽ സ്വീകരണ ചടങ്ങിനിടെ ചരക്ക് നീക്കം നിർത്തിവെയ്ക്കും. തുടർന്ന് ചടങ്ങിന് ശേഷവും കണ്ടെയ്‌നറുകൾ യാർഡിലേക്ക് എത്തിക്കുന്ന പ്രവർത്തി തുടരും. നാളെ വൈകിട്ട് 4 മണിയോടെ ചരക്ക് ഇറക്കിയ ശേഷം മെക്‌സിന്‍റെ സാൻ ഫെർണാണ്ടോ ശ്രീ ലങ്കയിലെ കോളമ്പോ തുറമുഖത്തേക്ക് പുറപ്പെടും.