തൃശൂർ: ഉരുൾപൊട്ടലുണ്ടായ വയനാടിന് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഉടന്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരന്തബാധിത മേഖലയ്ക്ക് കേന്ദ്ര സർക്കാർ എത്രയും വേഗം സാമ്പത്തിക സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ ഫണ്ട് പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി ശനിയാഴ്‌ച പറഞ്ഞത്. റിപ്പോര്‍ട്ട് ശനിയാഴ്‌ച തന്നെ സമർപ്പിച്ചിരുന്നോ എന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽതന്നെ പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകണമായിരുന്നു എന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.
വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി കേരളത്തിന്‍റെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സഹായിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു അലംഭാവവും കാണിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.
അതേസമയം, സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയിൽ എൽഡിഎഫ് സർക്കാരിനെ വിഡി സതീശന്‍ രൂക്ഷമായി വിമർശിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നികുതി വർധിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കമെങ്കിൽ പ്രതിപക്ഷം എതിർക്കുമെന്നും വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. ഇനി നികുതി വർധന അംഗീകരിക്കാനാകില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഇടത് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.