ഇടുക്കി: കൃഷി വകുപ്പ് മന്ത്രിയുടെ ഇടുക്കിയിലെ സന്ദര്‍ശനം പ്രഹസനമാണെന്ന് കോണ്‍ഗ്രസ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇടുക്കി നേരിടുന്നതെന്നും യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ വേണമെന്നും കോണ്‍ഗ്രസ് മീഡിയ വക്താവ് സേനാപതി വേണു പറഞ്ഞു.
ഇടുക്കിയിൽ ആയിരക്കണക്കിന് കര്‍ഷകരുടെ കൃഷി നശിച്ചു. ഏലം, കുരുമുളക് കൃഷികളാണ് കൂടുതല്‍ നാശം നേരിട്ടത്. കൃഷി മന്ത്രി പി പ്രസാദിന്‍റെ ഇടുക്കി സന്ദർശനം ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്‌ട്രീയ നാടകം മാത്രമാണ്. മന്ത്രി സ്ഥലം സന്ദര്‍ശിച്ച് സ്‌പൈസ് ബോര്‍ഡ് ഉണ്ട്, കേന്ദ്ര ഗവണ്‍മെന്‍റ് ഉണ്ട് എന്നെല്ലാം പറഞ്ഞ് മടങ്ങുകയല്ല ചെയ്യേണ്ടത്. പകരം യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാവണം.
റവന്യു, കൃഷി വകുപ്പുകള്‍ സ്‌പോട് വെരിഫിക്കേഷന്‍ നടത്തി കര്‍ഷകരുടെ നഷ്‌ടം തിട്ടപെടുത്തി പരിഹാരം കാണാന്‍ ഇടപെടല്‍ ഉണ്ടാവണം. കർഷകർക്ക് ഒപ്പമാണ് സർക്കാർ നിൽക്കേണ്ടത്. 2 ലക്ഷം വരെയുള്ള കർഷകരുടെ കടം പൂർണമായും എഴുതിത്തള്ളണം. വലിയ വായ്‌പകൾക്ക് പലിശ രഹിതമായ മൊറോട്ടോറിയം നടപ്പിലാക്കണം.
വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി 9000 കോടി നൽകണമെന്നാണ് സർക്കാർ പറയുന്നത്. വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങളെല്ലാം നൽകണം. എന്നാൽ സർക്കാർ ഇപ്പോൾ അടിയന്തര പ്രാധാന്യം നൽകേണ്ടത് കർഷകർ നേരിടുന്ന പ്രതിസന്ധിക്കാണെന്നും കോണ്‍ഗ്രസ് പ്രതിനിധി പറഞ്ഞു.
ALSO READ: ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങി; അടിയന്തര നടപടി ഉണ്ടാകുമെന്ന് ക്യഷി മന്ത്രി