എറണാകുളം : മന്ത്രി പി രജീവിന്‍റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ദീപ്‌തി മേരി വർഗീസ്. തൻ്റെ രാഷ്ട്രീയമായ സത്യസന്ധത തെളിയിക്കുവാൻ പി രാജീവിൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് ദീപ്‌തി മേരി വർഗീസ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പി രാജീവ് വ്യവസായ മന്ത്രി ആയപ്പോൾ മാത്രമല്ല തനിക്ക് പരിചയമുള്ളത്. രാജീവിനെ എനിക്ക് ഏറെ കാലമായി അറിയാമെന്ന് ദീപ്‌തി മേരി വർഗീസ് സൂചിപ്പിച്ചു. മഹാരാജാസ് കാലഘട്ടത്തിൽ അവിടെ പഠിക്കാത്ത രാജീവ് കോളജ് ഹോസ്‌റ്റലിലെ ഇടി മുറിയിൽ വന്നത് എന്തിനാണെന്ന് വ്യക്തമായി തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു. അന്ന് താൻ ഉൾപ്പെടെയുള്ള പെൺകുട്ടികളെ മോശം വാക്കുകൾ വിളിക്കുന്ന വ്യക്തിയായിരുന്നു പി രാജീവ് എന്നും, അർഷോയെക്കാൾ മോശം വാക്കുകകളാണ് പി രാജീവ് ഉപയോഗിച്ചിരുന്നതെന്നും ദീപ്‌തി മേരി വർഗീസ് പറഞ്ഞു.
എങ്ങനെയാണ് സിദ്ധാർഥുമാരെ സൃഷ്‌ടിക്കുകയെന്ന് എസ്എഫ്ഐക്കാർക്ക് ക്ലാസ് നടത്തിയിരുന്ന ഡിവൈഎഫ്ഐ നേതാവായിരുന്നു പി രാജീവെന്നും ദീപ്‌തി മേരി ആരോപിച്ചു. മന്ത്രി രാജീവിന്‍റെ പഴയ ചരിത്രമൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും, ഒരു ഡമ്മി മന്ത്രി മാത്രമാണ് പി രാജീവെന്നും അവർ പറഞ്ഞു.
സിപിഎമ്മിൽ നടക്കുന്നത് എന്താണന്ന് പോലും അദ്ദേഹത്തിനറിയില്ല. അത്കൊണ്ടാണ് ഇ പി ജയരാജൻ സംസാരിച്ചത് അറിവില്ല എന്ന് പറഞ്ഞത്. പിണറയിയും മരുമകനും പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന ഡമ്മി മന്ത്രിമാണ് പി രാജീവെന്ന് ദീപ്‌തി മേരി വർഗീസ് വ്യക്തമാക്കി.
സിപിഎം നേതാവായ ഇ പി ജയരാജൻ കുറച്ച് കാലമായി റിക്രൂട്ട്മെൻ്റ് ഏജൻ്റായി പ്രവർത്തിക്കുകയാണന്ന് ദീപ്‌തി മേരി വർഗീസ് ആരോപിച്ചു. സിപിഎമ്മിലേക്ക് മാത്രമല്ല ബിജെപിയിലേക്കും റിക്രൂട്ട്മെൻ്റ് നടത്തുന്നുണ്ട്. ദല്ലാളും ഇ പി ജയരാജനും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് എന്നെ സമീപിച്ചിരുന്നു. എന്നാൽ താൻ അത് അന്നെ തള്ളിയതാണ്. പുറത്ത് പറയാൻ മാത്രം വിലയില്ലാത്തതിനാലാണ് അന്ന് വെളിപ്പെടുത്താതിരുന്നതെന്നും ദീപ്‌തി മേരി പറഞ്ഞു. ഇ പി ജയരാജനെല്ല സീതാറാം യെച്ചൂരി വിളിച്ചാലും തള്ളി കളയാനുള്ള രാഷ്ട്രീയ ഔന്നിത്വവും സംഘടനാ പാരമ്പര്യവും തനിക്കുണ്ടന്നും അവർ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിയാക്കാനായി സിപിഎം നേതാക്കൾ സമീപിച്ചെന്ന ദീപ്‌തി മേരി വർഗീസിൻ്റെ ആരോപണത്തെ പരിഹസിച്ച് പി രാജീവ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. ദീപ്‌തി മേരി വർഗീസിനെ സിപിഎം നേതാക്കളാരും സമീപിച്ചിട്ടില്ല. ചില ആൾക്കാർക്ക് ഇത്തരം വെളിപ്പെടുത്തലൊക്കെ നടത്തി രാഷ്ട്രീയത്തിലുണ്ടെന്ന് അറിയിക്കണമെന്നായിരുന്നു പി രാജീവിൻ്റെ പരിഹാസം. ഇതിനെതിരെയാണ് മന്ത്രിയെ കടന്നാക്രമിച്ച് ദീപ്‌തി മേരി വർഗീസും രംഗത്ത് വന്നത്.