പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി പോസ്റ്റ് ചെയ്‌ത ട്വീറ്റില്‍ പുലിവാല് പിടിച്ച് കേരളത്തിലെ കോൺഗ്രസ്. ഫ്രാൻസിസ് മാർപാപ്പയുമായി മോദി നടത്തിയ കൂടിക്കാഴ്‌ചയാണ് കോൺഗ്രസ് ട്രോളായി പോസ്‌റ്റ് ചെയ്‌തത്. എന്നാൽ ട്രോൾ പിന്നീട് കോൺഗ്രസിന് തന്നെ തലവേദനയായി മാറി.
കഴിഞ്ഞയാഴ്‌ചയാണ് ഇറ്റലിയിൽ വച്ച് മോദി ഫ്രാൻസിസ് മാർപാപ്പയെ കണ്ടത്. പിന്നാലെ മാർപാപ്പയുമായുള്ള മോദിയുടെ ഫോട്ടോയ്‌ക്കൊപ്പം 'ഒടുവിൽ മാർപാപ്പയ്‌ക്ക് ദൈവത്തെ കാണാൻ അവസരം ലഭിച്ചു' എന്ന് കോൺഗ്രസിന്‍റെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്‌തു. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ കളിയാക്കിക്കൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ പോസ്‌റ്റ്.
എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരികയായിരുന്നു. ക്രിസ്‌തീയ സമൂഹത്തെയാകെ കോൺഗ്രസ് അപമാനിച്ചെന്ന് സുരേന്ദ്രന്‍ ട്വീറ്റ് ചെയ്‌തു. കേരളത്തിലെ കോൺഗ്രസിന്‍റെ സാമൂഹ്യമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് അർബൻ നക്‌സലുകളോ റാഡിക്കൽ ഇസ്ളാമിസ്റ്റുകളോ ആണെന്നുറപ്പായി എന്നായിരുന്നു കെ സുരേന്ദ്രൻ ട്വീറ്റ് ചെയ്‌തത്.
'ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്‌ത്യൻ സമൂഹത്തെയും പരിഹസിക്കാൻ പോലും ഇവർ തയ്യാറായിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയാതെ ഇതൊന്നും നടക്കില്ല. രാഹുൽ ഗാന്ധിയും ഖാർഗെയും അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ നടക്കുന്നത്?' സുരേന്ദ്രന്‍ ട്വീറ്റിൽ ചോദിച്ചു. ക്രിസ്‌ത്യാനികളെ ഇത്തരത്തിൽ പരിഹസിക്കുന്ന ഒരു ട്വീറ്റ് കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു.
സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങൾ അതിരുവിട്ടതോടെ കോൺഗ്രസ് ട്വീറ്റ് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്‌തു. ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പാരമ്പര്യമല്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്ന് മാപ്പ് പറഞ്ഞുകൊണ്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ക്രിസ്‌തുമത വിശ്വാസികൾ ദൈവതുല്യനായി കാണുന്ന മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്‍റെ ഒരു പ്രവർത്തകനും ഉണ്ടാകില്ലെന്നും സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്ര മോദിയെ പരിഹസിക്കാൻ തങ്ങൾക്ക് ഒരു മടിയുമില്ലെന്നും കോൺഗ്രസ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ നാണംകെട്ട രാഷ്‌ട്രീയ കളികളെ പരിഹസിച്ചതിനെ മാർപാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്‍റെയും മോദി പരിവാരത്തിൻ്റെയും വർഗീയ മനസ് ജനങ്ങൾക്ക് മനസിലാകുമെന്നും വർഗീയ വിഷം കുത്തിവച്ചാലുടൻ അത് പടർത്താൻ നടക്കുന്ന ആത്മാഭിമാനം ഇല്ലാത്ത ജനവിഭാഗമായി ക്രിസ്‌തുമത വിശ്വാസികളെ തരം താഴ്‌ത്താനാണ് സുരേന്ദ്രനും കൂട്ടരും ശ്രമിക്കുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
'ക്രിസ്‌തീയ സമൂഹത്തോട് ആത്മാർഥമായ സ്‌നേഹമുണ്ടെങ്കിൽ അവരുടെ ദേവാലയങ്ങൾ മണിപ്പൂരിൽ തീയിട്ട് നശിപ്പിച്ചപ്പോൾ മൗനം പാലിച്ച മോദിയും കൂട്ടരും ആദ്യം ക്രിസ്‌തീയ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണം. ഈ ഒരു പോസ്റ്റ് ക്രിസ്‌തുമത വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഞങ്ങൾ ക്ഷമ ചോദിക്കുന്നു,' എന്നും കോൺഗ്രസ് കേരള ഘടകം ട്വീറ്റ് ചെയ്‌തു.
Also Read: പശ്ചിമ ബംഗാൾ ട്രെയിൻ അപകടം: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി