തിരുവനന്തപുരം: കോൺഗ്രസിനെതിരായ മോശം പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എംഎം ഹസന്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്‌ത കോണ്‍ഗ്രസിനെ 'പോണ്‍ഗ്രസ്' (അശ്ലീല കോണ്‍ഗ്രസ്) എന്ന് ഏപ്രില്‍ 18-ലെ ദേശാഭിമാനി പത്രത്തില്‍ വിശേഷിപ്പിച്ചത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍റെ അറിവോടെ ആണെന്നും ഈ പരാമർശത്തിനെതിരെ കമ്മീഷന്‍ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
ഇത്തരത്തിലൊരു വാർത്ത പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ പാര്‍ട്ടി പത്രത്തില്‍ വരില്ല. എട്ട് കോളം വാര്‍ത്ത നിരത്തിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം 'പോണ്‍ഗ്രസ്' എന്ന് വിശേഷിപ്പിച്ച കാര്‍ട്ടൂണ്‍ സഹിതമാണ്. ഇതിന് പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ട്.
വടകരയില്‍ യുഡിഎഫ് സ്ഥാനര്‍ത്ഥിക്കെതിരെ നുണ ബോംബ് പൊട്ടിച്ച് ചീറ്റിയതിന്‍റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ രീതിയില്‍ പ്രചാരണം നടത്തുന്നതെന്നും വടകരയിലെ വ്യാജ വീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‍റെ തലയില്‍ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസന്‍ വാർത്താ കുറിപ്പിൽ പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്ന് ഇത്തരമൊരു സമീപനം തീരെ പ്രതീക്ഷിച്ചില്ലെന്നും അതേ രീതിയില്‍ മറുപടി പറയാത്തത് കോണ്‍ഗ്രസ് ഉന്നതമായ ജനാധിപത്യ മൂല്യവും ധാര്‍മിക മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
Also Read : വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തു - Shama Mohamed Hate Speech Case