തിരുവനന്തപുരം : 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയ പ്രഭയുടെ ആലസ്യത്തില്‍ വീണ് 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസ്, 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെത്തുമ്പോഴും തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് വിമര്‍ശനം. 2021-ല്‍ ദുര്‍ബലമായ സംഘടന സംവിധാനവും നേതൃത്വത്തിന്‍റെ ഒത്തൊരുമയില്ലായ്‌മയുമാണ് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തകര്‍ത്തതെങ്കില്‍ സമാന സാഹചര്യങ്ങള്‍ തന്നെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഇത്തവണയും അഭിമുഖീകരിക്കേണ്ടി വന്നത്.
താഴെ തട്ടില്‍ യുഡിഎഫിലുണ്ടായ ഈ ചലനമില്ലായ്‌മയും അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വോട്ടിങ് ശതമാനം കുറയ്ക്കുന്നതിന് കാരണമായെന്ന് വിലയിരുത്തലുണ്ട്. കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ നേതാവായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയാനാട്ടില്‍ ആകെയുള്ള 1350 ബൂത്തുകളില്‍ 700-ലേറെ ബൂത്തുകളിലും ഇന്‍ ഏജന്‍റുമാരെ കണ്ടെത്തിയത് അവസാന നിമിഷമായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹിയില്‍ നിന്ന് നിയോഗിച്ച ഒരു രഹസ്യ സംഘം ഇക്കാര്യം കണ്ടു പിടിച്ച് എഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്‌ത ശേഷമാണ് അവസാന നിമിഷം ഇവിടെ ഇന്‍ ഏജന്‍റുമാരെ കണ്ടെത്താനായത്. അതായത് 700-ലേറെ ബൂത്തുകളില്‍ സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തകര്‍ വീട് കയറുകയോ സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയും നടപ്പാക്കിയ വികന പദ്ധതികളുമടങ്ങിയ ലഘുലേഖകള്‍ വീട്ടിലെത്തിക്കുകയോ ചെയ്‌തിട്ടില്ല.
ബൂത്ത് കണ്‍വെന്‍ഷനുകള്‍ പേരിന് പോലും നടന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങള്‍ ആവേശപൂര്‍വം പങ്കെടുക്കുന്നതിന് ഇതൊക്കെ ഘടകങ്ങളാണ്. മാത്രമല്ല, ആദിവാസി പിന്നാക്ക ജന വിഭാഗങ്ങള്‍ താമസിക്കുന്ന ജില്ലകളില്‍ ഇത്തരം സ്‌ക്വാഡ് വര്‍ക്കുകള്‍, വോട്ടര്‍മാര്‍ക്ക് അവരുടെ പോളിങ് ബൂത്ത്, വോട്ടെടുപ്പ് സമയം, വോട്ടിങ് മെഷീനില്‍ വോട്ട് കുത്തുന്ന വിധം എന്നിവയെല്ലാം മനസിലാക്കാന്‍ അവസരം നല്‍കുന്നതായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വയനാട്ടില്‍ ഡിസിസി നേതൃത്വം വന്‍ പരാജയമായെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാഹുല്‍ കഴിഞ്ഞ തവണ 5 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് കൊണ്ട് ഇത്തവണയും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തില്‍ താഴെ തട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയില്ല.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ശശി തരൂര്‍ മത്സരിച്ച തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലും സമാന സ്ഥിതിയായിരുന്നു. 270-ലേറെ ബൂത്തുകളില്‍ ഇന്‍ ഏജന്‍റും പ്രവര്‍ത്തിക്കാന്‍ ആളും ഇല്ലാത്ത സ്ഥിതി. ഇവിടെയും ഏറ്റവും അവസാനം ക്രമീകരണം ഏര്‍പ്പെടുത്തിയെങ്കിലും താഴെ തട്ടില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടന്നില്ല.
അടൂര്‍ പ്രകാശ് മത്സരിച്ച ആറ്റിങ്ങലില്‍ സിപിഎമ്മും ബിജെപിയും കാടിളക്കി അടിത്തട്ടില്‍ പ്രചാരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലായി. ഇക്കാര്യത്തില്‍ അടൂര്‍ പ്രകാശിന് അതൃപ്‌തി ഉള്ളതായി അറിയുന്നു. ഇത് സംബന്ധിച്ച് കെപിസിസി, എഐസിസി നേതൃത്വങ്ങളെ സമീപിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.
പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, കാസര്‍കോട് മണ്ഡലങ്ങളുടെ സ്ഥിതിയും പരമ ദയനീയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥികള്‍ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ആരുടെയും അപ്രീതി സമ്പാദിക്കേണ്ടെന്നു കരുതി എല്ലാം കടിച്ചമര്‍ത്തുകയായിരുന്നു. ആകെയുള്ള 25,177 ബൂത്തുകളില്‍ പതിനായിരത്തിലധികം ബൂത്തുകളിലും തികച്ചും ദുര്‍ബലമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് യുഡിഎഫിന്‍റെ, പ്രത്യേകിച്ചും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ സ്വന്തം മണ്ഡലമായ കണ്ണൂരിലടക്കം ഇതായിരുന്നു സ്ഥിതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ഡിസിസികളുടെ പ്രവര്‍ത്തനം ശരാശരിയില്‍ പോലും എത്തിയില്ലെന്നൊരു വിലയിരുത്തലുമുണ്ട്. പത്തനതിട്ട, ഇടുക്കി ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ കഷ്‌ടിച്ച് ശരാശരിയിലെത്തി.
എറണാകുളം, മലപ്പുറം ഡിസിസികള്‍ ശരാശരിക്കും മുകളിലെത്തിയെന്നൊരു വിലയിരുത്തലുണ്ടെങ്കിലും മികച്ച പ്രവര്‍ത്തനം നടത്തിയ ഒരു ഡിഡിസി പോലുമുണ്ടായിരുന്നില്ലെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തല്‍. എഐസിസി നിയോഗിച്ച സംഘത്തിനും ഇതേ വിയിരുത്തലാണുള്ളത്.
ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ 2019-ലേതിന് സമാനമായ ഒരു യുഡിഎഫ് സുനാമി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലും കോണ്‍ഗ്രസ് ക്യാമ്പില്‍ പൊതുവേയുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുന്നത് കോണ്‍ഗ്രസിന് അഖിലേന്ത്യ തലത്തില്‍ തന്നെ ബിജെപിയുടെ ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യമുണ്ടാക്കും. എങ്കിലും പിണറായി വിജയന്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പും ന്യൂനപക്ഷ മതേതര വോട്ടുകളുടെ ഏകീകരണവും അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ തല പൂഴ്ത്തിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.