തിരുവനന്തപുരം: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഏപ്രില്‍ 26 ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നിഷ്‌പക്ഷതയെയും സുരക്ഷയെയും സംഭവം ബാധിക്കുമെന്ന് സംശയിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസന്‍ ചൂണ്ടിക്കാട്ടി. ഇതിനാധാരമായ സഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ എത്രയും വേഗത്തില്‍ ഇടപെട്ട് സംഭവത്തില്‍ ദേശീയ ഏജന്‍സികളുടെ അന്വേഷണം ഏര്‍പ്പെടുത്തണം.
ഇതിനകം നാല് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി എന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേസന്വേഷിക്കുന്ന കേരള പൊലീസ് സംഭവത്തിന്‍റെ ഗൗരവം ലഘൂകരിക്കാനുള്ള ശ്രമത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അക്രമ സംഭവം നടപ്പാക്കിയതിന് പിന്നില്‍ ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതായി ആരോപണുയരുന്നുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വകപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി സംഭവത്തെ ലഘൂകരിക്കാനാണ് ശ്രമിക്കുന്നതെന്ന് മാത്രമല്ല, ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സന്ദര്‍ശിച്ച സിപിഎം പ്രവര്‍ത്തകരുടെ നടപടിയെ മനുഷ്യത്വപരമായ നടപടിയെന്ന് ന്യായീകരിക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അക്രമ പ്രവര്‍ത്തനം നടത്തുന്നത് ലക്ഷ്യമിട്ടാണ് ബോംബു നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടതെന്നാണ് അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്.
ഈ സാഹചര്യത്തില്‍ ഇതിന്‍റെ യഥാര്‍ഥ വസ്‌തുത പുറത്ത് കൊണ്ടുവരാന്‍ സംസ്ഥാന പൊലീസിന് സാധിക്കില്ലെന്ന് തങ്ങള്‍ സംശയിക്കുന്നു. എന്‍ഐഎ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കേണ്ട സംഭവമാണിതെന്നും കത്തില്‍ ഹസന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ അഞ്ചിന് പാനൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തത്.