തിരുവനന്തപുരം: പതിവ് തെറ്റിയില്ല. പറഞ്ഞ പോലെ തന്നെ. ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ പാലക്കാട്, ചേലക്കര മണ്ഡലത്തിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.
പ്രതീക്ഷിച്ച പോലെ തന്നെ പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ ആലത്തൂർ മുൻ എംപി രമ്യ ഹരിദാസും സ്ഥാനാർഥികളായി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എഐസിസി മാസങ്ങൾക്ക് മുൻപുതന്നെ പ്രഖ്യാപിച്ചിരുന്നു. 2022 ൽ പി ടി തോമസിന്‍റെ മരണത്തെ തുടർന്ന് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പുണ്ടായപ്പോൾ ഇതേ വേഗതയിലാണ് സ്ഥാനാർഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ച് കോൺഗ്രസ് അതിവേഗം പ്രചാരണ രംഗത്തിറങ്ങിയത്. തൊട്ടുപിന്നാലെ 2023ൽ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കുന്നതിലും ഇതേ മാതൃകയാണ് കോൺഗ്രസ് പിന്തുടർന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്ന് മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം. ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ചോദ്യമുയർന്നപ്പോൾ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇക്കാര്യം ഓർമ്മിപ്പിക്കുകയാണ് ചെയ്‌തത്. പിന്നാലെ, ഇന്ന് രാത്രി തന്നെ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കുകയും ചെയ്‌തു. നാളെയോ മറ്റനാളോ വൻ വരവേൽപ്പ് നൽകിയായിരിക്കും സ്ഥാനാർഥികളെ യുഡിഎഫ് പ്രവർത്തകർ മണ്ഡലത്തിലേക്കാനയിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സമീപകാലത്ത് സംസ്ഥാന സർക്കാരിനെതിരെ ശ്രദ്ധേയമായ നിരവധി സമരങ്ങൾക്കാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചു പങ്കെടുത്ത നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്ത് ജയിലിലടച്ചിരുന്നു. പൊലീസിന് നേരെ വലിയ തോതിൽ അക്രമം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
പുലർച്ചെ രാഹുലിന്‍റെ വീടുവളഞ്ഞാണ് രാഹുലിനെ അറസ്റ്റ് ചെയ്‌ത് പൊലീസ് തിരുവനന്തപുരത്തെത്തിച്ചത്. പ്രസംഗ വേദികളിലും ചാനൽ ചർച്ചകളിലും ഉജ്ജ്വല വാഗ്മി എന്ന ഖ്യാതി രാഹുൽ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട അടൂർ സ്വദേശിയാണ്.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ ഉരുക്കു കോട്ടയായ ആലത്തൂരിൽ കരുത്തനായ പികെ ബിജുവിനെ മലർത്തിയടിച്ചായിരുന്നു രമ്യ അരങ്ങേറ്റം കുറിച്ചത്. കേരളത്തിൽ നിന്നും ലോക്‌സഭയിലെത്തുന്ന രണ്ടാമത്തെ ദലിത് വനിതയെന്ന ഖ്യാതി രമ്യ ഇതിലൂടെ സ്വന്തമാക്കി. ഇത്തവണ പക്ഷേ കരുത്തനായ സംസ്ഥാന മന്ത്രി കെ രാധാകൃഷ്ണന് മുന്നിൽ അടി തെറ്റി.
കേരളത്തിൽ എൽഡിഎഫിന്‍റെ മാനം കാത്ത ഏക സീറ്റും ആലത്തൂരായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം രമ്യ വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുകയാണ്. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഈ 38 കാരി കുന്നമംഗലം ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റായിരിക്കെയാണ് ലോക്‌സഭാംഗമായത്. പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശനം സംബന്ധിച്ച കാര്യങ്ങൾ എഐസിസി ഉടൻ പ്രഖ്യാപിക്കും.
Also Read : വയനാട് പ്രിയങ്കയ്‌ക്ക് തന്നെ, പാലക്കാട്ട് രാഹുലും ചേലക്കരയില്‍ രമ്യയും; യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു