വയനാട് : വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭ പ്രതിനിധികളുടെ നേതൃത്വത്തിൽ വിളിച്ച സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗമാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. എംഎൽഎമാരായ ടി സിദ്ദിഖ് , ഐ സി ബാലകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബഹിഷ്‌കരണം.
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. വനം മന്ത്രി എ കെ ശശീന്ദ്രന്‍റെ സാന്നിധ്യത്തിലല്ല ചർച്ച നടക്കേണ്ടതെന്നും അറിയിച്ച് കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോവുകയായിരുന്നു. മനുഷ്യ-വന്യജീവി സംഘർഷമുണ്ടായിട്ട് നാളിതുവരെയും വനം മന്ത്രി ജില്ലയിലെത്തിയിരുന്നില്ല. അദ്ദേഹത്തോടൊപ്പം ചർച്ചയ്ക്കിരിക്കാൻ തങ്ങൾക്കാവില്ലെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.
വയനാട്ടിലെ സാധാരണക്കാർക്ക് ജീവിക്കണം. ജനങ്ങളെ വന്യജീവികൾക്ക് എറിഞ്ഞ് കൊടുത്തിരിക്കുകയാണ് സർക്കാർ. ഇതിലെ ഒന്നാം പ്രതി സർക്കാരാണ്. തിരിഞ്ഞുനോക്കാത്ത മന്ത്രിയുമായുള്ള ചർച്ചയുമായി മുന്നോട്ടുപോകാൻ ഒരുക്കമല്ല. സംസ്ഥാന സർക്കാരിന്‍റെ ഈ നടപടി അടിയന്തരമായി തിരുത്തണം. വനം മന്ത്രിയെന്ന ചുമതലയിൽ നിന്നും എ കെ ശശീന്ദ്രനെ മാറ്റണമെന്നും ടി സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ രാവിലെ 10 മണിക്കാണ് യോഗം ആരംഭിച്ചത്. കലക്‌ടർ, ജില്ല പൊലീസ് മേധാവി, എഡിഎം, വനം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ബിജെപി ആദ്യമേ യോഗം ബഹിഷ്‌കരിച്ചിരുന്നു.