പത്തനംതിട്ട : ഡോക്‌ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. അടൂർ ജനറല്‍ ആശുപത്രി സർജൻ ഡോ. വിനീതിനെതിരെയാണ് അടൂർ സ്വദേശിയായ വീട്ടമ്മ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡോക്‌ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്‌ദരേഖ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിച്ചു.
എന്നാൽ ആശുപത്രിയില്‍ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്‌ടർ പറയുന്നത്. സ്വകാര്യ പ്രാക്‌ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്‌ടറുടെ വിശദീകരണം. പരാതിക്കാരിയുടെ സഹോദരിയെയാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്. സംഭവത്തില്‍ ഡോക്‌ടറോട് വിശദീകരണം തേടിയെന്ന് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആശുപത്രിയിലെ ചികിത്സയ്ക്ക് പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്‌ടർ വിശദീകരണം നല്‍കിയതെന്നും കൈക്കൂലി ആരോപണം വകുപ്പിന് റിപ്പോർട്ട് ചെയ്യുമെന്നും സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ യൂത്ത് കോൺഗ്രസ്, എഐവൈഎഫ് പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു.
ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചായിരുന്നു പ്രതിഷേധം. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണം നടത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.