കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ ആൺകുട്ടിയെ ഉപയോഗിച്ച് വ്യാജ പീഡന പരാതി നൽകി സഹപ്രവർത്തകനെ ജയിലിൽ ആക്കിയ സംഭവത്തിൽ വനിത ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. മുൻപ് കോഴിക്കോട് ചിൽഡ്രൻസ് ഹോം കോർഡിനേറ്ററും പിന്നീട് വനിത ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനുമായ കോഴിക്കോട് സ്വദേശിക്കെതിരെയാണ് ശിശു വികസന വകുപ്പിന്‍റെ ഇടപെടലിൽ കസബ പൊലീസ് കേസെടുത്തത്.
ഇയാളെ അറസ്റ്റ് ചെയ്‌തതായി സൂചന ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാജ പീഡന പരാതിയിൽ 10 മാസം മുമ്പാണ് സഹപ്രവർത്തകനെ പോക്സോ കേസിൽ ജയിൽ അടപ്പിച്ചത്. ഈ ഉദ്യോഗസ്ഥൻ നേരത്തെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ജോലി ചെയ്യുമ്പോഴാണ് ഇവിടുത്തെ കുട്ടിയെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ കസബ ഇൻസ്പെക്‌ടർ ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു.
തുടർന്ന് അന്വേഷണ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറി. ഇത് പരിശോധിച്ചപ്പോൾ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാജ പരാതിയാണെന്ന് കണ്ടെത്തുകയും പ്രതിയെ 68 ദിവസത്തിനുശേഷം കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു. സഹപ്രവർത്തകനെ ജയിലിൽ അടച്ച ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ മാർച്ചിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.
സിഡബ്ല്യുസിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ ഇനിയും വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Also Read: മകളെ ബലാത്സംഗം ചെയ്‌തുവെന്ന് വ്യാജ പരാതി; യുവതിക്ക് 50,000 രൂപ പിഴയിട്ട് കോടതി