കോട്ടയം : റെജി തോമസ് നടത്തുന്ന 'കൊളാഷ് പ്രദർശനം' ആകർഷണീയമാകുന്നു. ഡിസി ലളിത കലാഅക്കാദമിയിലാണ് കൊളാഷ് പ്രദർശനം നടക്കുന്നത്. പേപ്പറും തുണികളുപയോഗിച്ചു കൊണ്ടായിരുന്നു കൊളാഷ് ഒരുക്കിയിരുന്നത്. നിരവധിയാളുകളാണ് ഇപ്പോഴും പ്രദർശനം കാണുന്നതിനായെത്തുന്നത്.
വർണങ്ങൾ വാരി വിതറിക്കൊണ്ടുളള പുതിയ ദൃശ്യാനുഭവമാണ് റെജിയുടെ സൃഷ്‌ടികൾ കാഴ്‌ചക്കാർക്ക് സമ്മാനിക്കുന്നത്. കടലാസും, തുണികളും കൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നറിയുമ്പോഴാണ് കാഴ്‌ചക്കാർക്ക് അത്ഭുതം ഏറുന്നത്. പല വലുപ്പത്തിലുളള നാണയങ്ങളും ബട്ടണുകളും ഒക്കെ ഉപയോഗിച്ചുകൊണ്ടും ചില ചിത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
ബട്ടണും നാണയങ്ങളും എടുത്ത് വച്ച് അതിനെ ചിത്രങ്ങളായി സൃഷ്‌ടിക്കുകയായിരുന്നു. പഴയ ബസ് ടിക്കറ്റുകളുപയോഗിച്ച് നിർമിച്ച മയിലിൻ്റെ ചിത്രം ആളുകളുടെ മനം കവർന്നു. കഥകളിയും, സ്ത്രീയും പുരുഷനും, കടൽത്തിരയിൽ ഉലയുന്ന പായ് വഞ്ചി എന്നീ കൊളാഷുകൾ ആസ്വാദകരെ വിസ്‌മയിപ്പിച്ചു. പേപ്പർ പഞ്ചിൻ്റെ ബാക്കി വന്ന ചെറിയ കടലാസുതരികൾ കൊണ്ടാണ് കഥകളിയും കലാരൂപങ്ങളും പകർത്തിയത്.
മനോഹരമായ 40 - ലധികം ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം കറുകച്ചാൽ സ്വദേശിയായ റെജി തോമസ്, ഇരുപത് വർഷത്തിലധികമായി കൊളാഷ് രചനയിൽ സജീവമാണ്. കോട്ടയം ഡിസി കിഴക്കേമുറി ഗാലറിയിൽ നടക്കുന്ന പ്രദർശനം കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ഉദ്ഘാടനം ചെയ്‌തു. കൊളാഷ് പ്രദർശനം തിങ്കളാഴ്‌ച സമാപിക്കും.