എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. ഇഡിയുടെ അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തിങ്കളാഴ്‌ച സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിയ്ക്കു മുന്നിൽ ഹാജരാകണം.
മാസപ്പടിക്കേസിൽ തിങ്കളാഴ്‌ച ഹാജരാകാൻ ഇഡി സമൻസ് നൽകിയതിനു പിന്നാലെയാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ച് അടിയന്തര നീക്കം നടത്തിയത്. എന്നാൽ ഹർജി പരിഗണിച്ച കോടതി അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് നlലപാടെടുത്തു. കൂടാതെ തിങ്കളാഴ്‌ച ഇഡിയ്ക്ക് മുന്നിൽ ശശിധരൻ കർത്ത ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
എസ്എഫ്ഐഒ അന്വേഷണത്തിനിടെയാണ് ഇഡിയുടെ അന്വേഷണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ശശിധരൻ കർത്തയുടെ ഹർജി. ഇഡി സമൻസ് തടയണമെന്ന് കർത്ത ആവശ്യപ്പെട്ടെങ്കിലും കോടതി ഇതംഗീകരിച്ചില്ല .കേസന്വേഷണത്തിന്‍റെ ഈ ഘട്ടത്തിൽ ഇടപെടരുതെന്നും അറസ്‌റ്റിലേക്ക് നീങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇഡിയോട് മറുപടി സത്യവാങ്മൂലം ആവശ്യപ്പെട്ട ഹൈക്കോടതി ഹർജി വേനലവധിയ്ക്ക് ശേഷം പരിഗണിയ്ക്കാനായി മാറ്റി. സിഎംആർഎൽ എക്‌സാലോജിക് പണമിടപാട് സംബന്ധിച്ചാണ് ഇഡിയുടെ അന്വേഷണം.
Also Read: മാസപ്പടി കേസില്‍ കര്‍ത്തയ്ക്ക് ഇഡി നോട്ടീസ്; തിങ്കളാഴ്‌ച ഹാജരാകാൻ നിർദ്ദേശം
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് ഒരു കോടി 72 ലക്ഷം രൂപ മാസപ്പടിയായി വാങ്ങിയെന്നതിലാണ് അന്വേഷണം നടക്കുന്നത്.