എറണാകുളം: നമ്മുടെ സ്വീകരണ മുറികളിലേക്ക് കടലിലെ സുന്ദരികളായ മത്സ്യങ്ങൾ എത്തുന്നു എന്ന് പറഞ്ഞാൽ ഇനി അതിശയിക്കേണ്ടതില്ല. ഇനി അവയെത്തേടി കടലിൽ അലയേണ്ടതിൻ്റെ ആവശ്യവും വരില്ല. കടലിലെ വർണമത്സ്യങ്ങളെ കൃത്രിമമായി പ്രജനനം നടത്താനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയിലെ ഒരു കൂട്ടം ഗവേഷകർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപ്പെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുത്‌പാദനം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. അക്വേറിയം ബിസിനസ് രംഗത്ത് പുത്തനുണർവാകുന്ന ഈ നേട്ടം രാജ്യത്തിന് സമുദ്രമേഖലയിൽ നിന്ന് ലഭിക്കുന്ന വരുമാന വർധനവിനും കാരണമാകുന്നതായിരിക്കും.
അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുത്‌പാദന സാങ്കേതികവിദ്യ സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകരാണ് വികസിപ്പിച്ചത്.
അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി മത്സ്യങ്ങളുടെ കൃത്രിമ വിത്തുൽപാദനത്തിൻ്റെ പ്രസക്തി
അമിത ചൂഷണഫലമായി വംശനാശഭീഷണിക്കരികിലാണ് ഇരുമത്സ്യങ്ങളുമുള്ളത്. അതേസമയം അലങ്കാര മത്സ്യങ്ങളിൽ ആവശ്യക്കാർ ഏറെയുള്ള രണ്ടു ഇനങ്ങളുടെ വിത്തുകൾ കൃത്രിമമായി ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് സിഎംഎഫ്ആർഐ നേട്ടത്തെ കൂടുതൽ പ്രസക്തമാക്കുന്നത്.
പ്രധാന ആകർഷണം
ഈ രണ്ട് മീനുകളുടെയും ആകർഷകമായ വർണങ്ങളും ചലനങ്ങളിലെ ചടുലതയുമാണ് ഇവയെ അക്വേറിയം മീനുകളെ അലങ്കാര മത്സ്യങ്ങളിലെ പ്രിയ ഇനമാക്കി മാറ്റിയത്.
അസ്യൂർ ഡാംസൽ
കടലിൽ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിൻ്റെ ആവാസകേന്ദ്രം. കടുംനീല - മഞ്ഞ നിറങ്ങളാണ് ഇവയുടെ പ്രധാന ആകർഷണം. നീന്തുന്ന രീതികളിലും ഇവയ്ക്കൊരു തനതായ ശൈലിയുണ്ട്. ഒരു മീനിന് 350 രൂപ വരെയാണ് ഇതിൻ്റെ വില. വിദേശ വിപണിയിൽ മീനൊന്നിന് 25 ഡോളർ വരെ ലഭിക്കും.
ഓർണേറ്റ് ഗോബി
മറൈൻ അക്വേറിയങ്ങളിലെ മറ്റൊരു ജനപ്രിയ മീനാണ് ഓർണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്-ചുവപ്പ്-വെള്ള നിറങ്ങളിലുള്ള പുള്ളികൾ കൊണ്ട് അലങ്കരിച്ച ശരീരവുമാണ് ഈ മീനിൻ്റെ ദൃശ്യഭംഗി കൂട്ടുന്നത്. കൗതുകകരമായ ചലനങ്ങളും പെരുമാറ്റവും കാരണം കാഴ്‌ചക്കാരെ ആകർഷിക്കുന്നു. അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്.
കൃത്രിമ വിത്തുൽപാദനം നൽകുന്ന നേട്ടങ്ങൾ
ഉത്‌പാദനം കൂട്ടാനും കടലിൽ ഇവയുടെ അമിതചൂഷണം തടയാനും സിഎംഎഫ്ആർഐയുടെ പ്രജനന സാങ്കേതികവിദ്യ വഴിയൊരുക്കും. ഉയർന്ന ആവശ്യകതയും വിപണി മൂല്യവും താരതമ്യേന കുറഞ്ഞ ഉത്‌പാനച്ചെലവുമാണ് ഈ മീനുകൾക്ക്.
അതിനാൽ, ഇവയുടെ വിത്തുൽപാദനവും വിപണിയും സംരംഭകരെ ആകർഷിക്കുന്നതാണ്. സിഎംഎഫ്ആർഐയുടെ സാമ്പത്തിക സാധ്യതാപഠനപ്രകാരം, 24000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം ഉത്‌പാദിപ്പിക്കുന്ന ഇടത്തരം വിത്തുൽപാദന യൂണിറ്റിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടാക്കാനാകും.
ഡാംസെൽ, ഗോബി മത്സ്യ കുഞ്ഞുങ്ങൾ എങ്ങനെ ലഭിക്കും
അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ കർഷകർക്കും ഇവയുടെ വിത്തുൽപാദനം സ്വന്തമായി നടത്താവുന്ന രീതിയിൽ സാങ്കേതികവിദ്യ സിഎംഎഫ്ആർഐ ആവശ്യാക്കാർക്ക് കൈമാറും. ഈ മേഖലയിലുള്ളവർക്ക് സാങ്കേതികവിദ്യ എളുപ്പത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോളും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്. കർഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്ആർഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ് പറഞ്ഞു.