തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ആദ്യ കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വപ്‌നം തീരമണഞ്ഞെന്നാണ് വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന്‍റെ ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്‌ത് കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. നാളെ രാവിലെ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ 7:15 ഓടെ വിഴിഞ്ഞം ഔട്ടർ ഏരിയ എന്നറിയപ്പെടുന്ന കടൽ പ്രദേശത്ത് കപ്പലിനെ വാട്ടർ സല്യുട്ട് നൽകിയാണ് സ്വീകരിച്ചത്. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനാവാൾ മുഖ്യാതിഥിയാകും.
സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. അദാനി ഗ്രൂപ്പ് ഡയറക്‌ടർ കരൺ അദാനിയും ചടങ്ങിൽ പങ്കെടുക്കും. അതേസമയം, ലത്തീൻ അതിരൂപതയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
എമിഗ്രേഷൻ, കസ്റ്റംസ് ക്ലിയർൻസ്, പബ്ലിക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ലീയറൻസ് എന്നിവ പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 2:30 യോടെ കപ്പലിലെ കണ്ടെയ്‌നറുകൾ തുറമുഖത്തെ യാർഡിലേക്ക് മാറ്റി തുടങ്ങും. തുടർന്ന് നാളത്തെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ കപ്പൽ കൊളമ്പോ തുറമുഖത്തേക്ക് കടക്കും. കണ്ടെയ്‌നർ യാർഡിലേക്ക് ഇറക്കുന്ന ജോലികള്‍ സ്വീകരണ ചടങ്ങുകൾക്കിടയിൽ നിർത്തിവയ്ക്കും.
Also Read: വിഴിഞ്ഞത്ത് 'സാന്‍ ഫെര്‍ണാണ്ടോ'യ്‌ക്ക് വാട്ടര്‍ സല്യൂട്ട്; ആദ്യ ചരക്ക് കപ്പലിന് വാദ്യമേളങ്ങളോടെ സ്വീകരണം