ന്യൂഡല്‍ഹി : പിവി അന്‍വറിന്‍റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്‍റെ ഉദ്ദേശ്യം വ്യക്തമാണെന്നും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അന്‍വര്‍ നടത്തിയതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. പ്രഖ്യാപിച്ച അന്വേഷണം നിഷ്‌പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളിലേക്കല്ല ഞങ്ങള്‍ അന്നു പോയത്. ഒരു എംഎല്‍എ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തില്‍ അന്വേഷിക്കാവുന്നതില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടികള്‍ സ്വീകരിച്ചത്. അതിലും തൃപ്‌തനല്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
നേരത്തെ സംശയിച്ച തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ ശത്രുക്കള്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇന്നലെ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അതു തുറന്നു പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നു വിട്ടു നില്‍ക്കുന്നു, നിയമസഭ പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്ന് സ്വയമേവ അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി മാത്രമേ കണക്കാക്കുന്നുള്ളു. നേരത്തെ നിശ്ചയിച്ച അന്വേഷണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഈ നിലപാട് ബാധിക്കില്ല. അന്വേഷണം കൃത്യമായും നിഷ്‌പക്ഷമായും തുടരുമെ'ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതാണ് മുഖ്യമന്ത്രി. യോഗത്തിന് മുന്‍പാണ് കേരള ഹൗസിലെ കൊച്ചിന്‍ ഹൗസിന് മുന്നില്‍ അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
Also Read: ഒടുവിൽ മുഖ്യമന്ത്രിക്ക് അൻവറിന്‍റെ കടുംവെട്ട്; പുറത്തു വന്നത് പാർട്ടിക്കുള്ളിൽ പുകയുന്ന അമർഷമോ?