തിരുവനന്തപുരം: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണം വാരാഘോഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനായി ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിൻ്റെ ആഭിമുഖ്യത്തിലുള്ള ആഘോഷമാണ് ഒഴിവാക്കുന്നതെന്നും അതുകൊണ്ട് തന്നെ കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നിലയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇത്തവണ ഓണക്കിറ്റ് മഞ്ഞ നിറത്തിലുള്ള എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ലഭിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആറു ലക്ഷം പേരാണ് ഓണക്കിറ്റിൻ്റെ ഗുണഭോക്താക്കള്‍. 36 കോടി രൂപയാണ് ഓണക്കിറ്റിൻ്റെ ചെലവായി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് സപ്ലൈകോ ഓണച്ചന്തകള്‍ സെപ്റ്റംബര്‍ ആറ് മുതല്‍ എല്ലാ ജില്ലാ തലത്തിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് തലത്തിലും നടത്തും.
മാവേലി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ 13 ഇന നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും. സെപ്റ്റംബര്‍ എഴ് മുതല്‍ 14 വരെ കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് 1500 ചന്തകള്‍ നടത്തും. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകള്‍ വഴിയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ വഴിയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഖാദി, കൈത്തറി, കയര്‍ ഉത്പന്നങ്ങളുടെ ചന്തകളും സംഘടിപ്പിക്കുന്നതായിരിക്കും.
2000 കര്‍ഷക ചന്തകളും ഓണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും. വയനാടിനായി ഒരുമിച്ചു നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ അതിനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കാന്‍ ഓണത്തിനു സാധിക്കും. മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദര്‍ഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് അദ്ദേഹം ആശംസിച്ചു.
Also Read: തൃശൂരിൽ ഇത്തവണയും പുലികൾ ഇറങ്ങും; അനുമതി നൽകി സർക്കാർ ഉത്തരവിറക്കി