കണ്ണൂർ: ഏറെക്കാലത്തിന് ശേഷം കണ്ണൂരിൽ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് പരിപാടികളിൽ പങ്കെടുത്ത മുഖ്യമന്ത്രി പെരിങ്ങോത്ത് ഏരിയ കമ്മിറ്റിക്ക് വേണ്ടി പുതുതായി പണി കഴിപ്പിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്‌തു. പരിപാടിയിൽ പ്രതിപക്ഷത്തെയും കേന്ദ്രഭരണത്തെയും രൂക്ഷ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. മാത്രമല്ല കേന്ദ്ര ബജറ്റിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
കേരളത്തെ ഇത്ര കണ്ട് പക്ഷപാതിത്വപരമായി സമീപിച്ച ഒരു ബജറ്റും ഇതിന് മുമ്പ് പാർലമെന്‍റ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രമാത്രം കേരളത്തെ അവഗണിക്കുന്ന നിലയാണ് ഉണ്ടായത്. 24,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നും പരിഗണിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
അതേസമയം വയനാട് ദുരന്തത്തെപ്പറ്റിയും മുഖ്യമന്ത്രി പരാമർശിച്ചു. വയനാട് ദുരന്തം എത്ര കടുത്ത ദുരന്തമായി മാറിയെന്ന് നാം കണ്ടതാണ്. നമ്മുടെ നാടിന്‍റെ പ്രത്യേകത മുഴുവനാളുകളും ശ്രദ്ധിച്ചു. ഒരു ദുരന്തത്തെ ഒരു നാട് എങ്ങനെ ഏകോപിതമായി നേരിട്ടു എന്നത് അത്ഭുതത്തോടെയാണ് മറ്റ് രാജ്യങ്ങളും കണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ ഇതിനിടയിലും ചില അവശബ്‌ദങ്ങൾ ഉണ്ടായി എന്ന് പറയാതെ വയ്യ. ആ അപശബ്‌ദങ്ങൾ ഒന്നും ആരും മുഖ വിലക്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. അത്രകണ്ട് ഏകോപിതമായാണ് നാം നേരിട്ടത്. ദുരന്തത്തിൽപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നും, പുനരധിവാസം ലോകോത്തരമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.