തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത ബാധിതരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി.
ഫയർ ആൻഡ് റസ്ക്യൂ, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്‍റെ കൂടുതൽ ടീമിനെ ഉടൻ സംഭവസ്ഥലത്തേക്ക് എത്തിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്‌ന്‍റെ 2 സംഘം ഉടൻ സംഭവ സ്ഥലത്ത് എത്തിച്ചേരും. വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലില്‍ 41 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി വീടുകളിൽ വെള്ളംകയറി.
കനത്ത മഴയെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ടുതവണ ഉരുൾപൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്‌കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. പാലങ്ങൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. 250 ഓളം പേര്‍ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി.
ALSO READ: വയനാട്ടില്‍ രണ്ടിടങ്ങളില്‍ ഉരുൾപൊട്ടൽ; 3 കുഞ്ഞുങ്ങളുള്‍പ്പെടെ 41 മരണം, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം