തിരുവനന്തപുരം: സ്വന്തം ഔന്നത്യത്തിനു ചേരാത്ത രീതിയില്‍ രാഹുല്‍ ഗാന്ധി തനിക്കെതിരെ വിമര്‍ശനമുന്നയിച്ചാല്‍ അതിനു മറുപടി പറയുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതെന്ന് നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
രാഹുല്‍ ഗാന്ധിയെ താനെന്തോ പറഞ്ഞെന്നാണ് പ്രതിപക്ഷം പറയുന്നത്. താനൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ തന്നെ എന്തു കൊണ്ടു കേന്ദ്ര ഏജന്‍സികള്‍ അറസ്‌റ്റു ചെയതില്ലെന്ന മട്ടില്‍, സ്വന്തം സ്‌റ്റാറ്റസിനു നിരക്കാത്ത നിലയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ അതിനു മറുപടിയുണ്ടാകും. അതിനിയുമുണ്ടാകും. കേന്ദ്ര ഏജന്‍സികള്‍ എന്തിനും തയ്യാറായി വരുമ്പോള്‍ അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്ന സമീപനം രാഹുല്‍ സ്വീകരിച്ചാല്‍ അതിനു തിരിച്ചു മറുപടി പറയുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കു മറുപടി പറയവേ നിയമസഭയില്‍ പറഞ്ഞു.
രാജസ്ഥാനിലെ സിക്കറില്‍ സിപിഎം ജയിച്ചത് കോണ്‍ഗ്രസ് വോട്ടു കൊണ്ടാണെന്നും രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും അവിടെ പ്രചാരണത്തിനിറങ്ങിയതു കൊണ്ടാണു സിപിഎം സ്ഥാനാര്‍ത്ഥി ആംറാറാം വിജയിച്ചതെന്നും നിയമസഭയില്‍ പ്രതിപക്ഷമുയര്‍ത്തിയ വാദത്തെയും മുഖ്യമന്ത്രി ഖണ്ഡിച്ചു. സിക്കറില്‍ ഒരു വര്‍ഷത്തോളം നീണ്ടു നിന്ന ഐതിഹാസികമായ കര്‍ഷക സമരത്തെ മുന്നില്‍ നിന്ന് നയിച്ചത് ആംറാറാമായിരുന്നു. സിക്കാര്‍ ലോക്‌സഭ മണ്ഡലം ഉള്‍പ്പെട്ട ധോഡില്‍ നിന്ന് അദ്ദേഹം നാലു തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി ഒറ്റയ്ക്കു മത്സരിച്ചു വിജയിച്ചിട്ടുണ്ട്. ഇത്തവണ സിപിഎം അവിടെ നിന്നു ലോക്‌സഭയിലേക്കു ജയിക്കാന്‍ സാധിച്ചത് കര്‍ഷക സമരത്തിന്‍റെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ധോഡ് നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി 85,543 വോട്ടു നേടി വിജയിച്ചപ്പോള്‍ 72,165 വോട്ടു നേടിയ ആംറാറാം രണ്ടാം സ്ഥാനവും 35.69 ശതമാനം വോട്ടും നേടി. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകട്ടെ 34,448 വോട്ടുമാത്രം നേടി മൂന്നാം സ്ഥാനാത്താകുകയായിരുന്നു. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസഥാനില്‍ ഒറ്റയ്ക്കു മത്സരിച്ച സിപിഎം 2 സീറ്റു നേടിയിരുന്നു. ഇതാണ് സിപിഎമ്മിന്‍റെ രാജസ്ഥാനിലെ സ്വാധീനം.
2023 ല്‍ ഒറ്റയ്ക്കു മത്സരിച്ചാണ് കോണ്‍ഗ്രസ് അവിടെ ഭരണം നഷ്‌ടപ്പെടുത്തിയത്. 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും അവിടെ പരസ്‌പരം വോട്ടു കൊടുത്തും വാങ്ങിയുമാണ് മെച്ചപ്പെട്ട വിജയം നേടിയത്. അത്തരത്തില്‍ കൂട്ടു കെട്ടിനു തയ്യാറായതിന്‍റെ ഉദാഹരണമാണ് ഉത്തര്‍പ്രദേശും മഹാരാഷ്‌ട്രയും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടും. കോണ്‍ഗ്രസിനു ഭരണമുണ്ടായിട്ടും ഒറ്റയ്ക്കു മത്സരിച്ച കര്‍ണാടകത്തിലും തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലും അവര്‍ക്ക് തിരിച്ചടിയേറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.