തിരുവനന്തപുരം: നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്‍റെ ഭാഗമാണ് കേരളീയമെന്നും കേവലം ആഘോഷ പരിപാടി മാത്രമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാട് കൂടുതൽ മെച്ചപ്പെടണം എന്നാണ് എല്ലാവരും ആഗ്രഹിക്കേണ്ടത്. എങ്ങനെയാണ് ചിലർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് എന്നാണ് മനസ്സിലാകാത്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു (CM Pinarayi Vijayan Explains About Keraleeyam).
സഭയിൽ എം വി ഗോവിന്ദൻ, സുജിത്ത് വിജയൻ പിള്ള, ഡി കെ മുരളി, ഒ എസ് അംബിക എന്നിവരാണ് കേരളീയം പരിപാടി സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. കേരള മാതൃക ലോകം ചർച്ച ചെയ്‌തു. കേരളത്തിന്‍റെ പാരമ്പര്യവും സംസ്‌കാരവും തന്മയത്തോടെ അവതരിപ്പിക്കുന്നതായി കേരളീയം. വിവിധ മേഖലകളിലെ പുരോഗതി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കേരളീയം 2024 നുള്ള കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. അപൂർവമായ തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ പരിപാടി ബഹിഷ്‌കരിച്ചവർ തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നാട് ഇനിയും മുന്നോട്ടു പോകണം. ഭാവി പരിപാടി ആസൂത്രണം ചെയ്യാൻ കേരളീയം സഹായകമാകും. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താൻ ആകണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തു. കേരളത്തിലെ കലാകാരന്മാരാകെ ഈ പരിപാടിയെ പിന്താങ്ങി. ഒരുതരത്തിലുള്ള ഭേദ ചിന്തകളും ഉണ്ടായില്ല. ഒരുതരത്തിലും ധൂർത്ത് ആയിരുന്നില്ല. നിക്ഷേപം ആയിരുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിൽ കേരളത്തിൽ നല്ല പുരോഗതിയുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയുടെ അന്തരീക്ഷം തന്നെ മാറി. വിദേശത്തുനിന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികൾക്കെല്ലാം ഓരോ അഭിപ്രായമാണ്. അവരുടെ ഉള്ളംകൈയിലാണ് ലോകം. ഇവിടെ പഠിക്കണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കുന്നത്.
ചിലർ പഠിക്കാൻ സംസ്ഥാനത്തിന് പുറത്തുപോയെന്ന് വരും. അതുകണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്ന് പറയേണ്ട. പ്രതിപക്ഷത്തിന്‍റെ ബുദ്ധിയല്ല സർക്കാരിന്‍റേത്. നേരത്തെ ആഴ്‌ചകളുടെ മാത്രം തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് കേരളീയം നടത്തിയത്. അടുത്ത് നടക്കാൻ പോകുന്നത് മുൻകൂട്ടി തയ്യാറെടുപ്പ് നടത്തുന്ന പരിപാടിയാണ്. ഇതിലൂടെ ടൂറിസത്തിന് വലിയ പ്രാധാന്യം കൊടുക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.