തിരുവനന്തപുരം: സ്‌മാര്‍ട്ട് സിറ്റി കരാറുകാരായ ടീകോമിനെതിരെ ആര്‍ബിട്രേഷനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്‌ചയുണ്ടായാല്‍ ടീകോമിനെതിരെ ആര്‍ബിട്രേഷനും മധ്യസ്ഥ ചര്‍ച്ചകള്‍ക്കും വ്യവസ്ഥയുണ്ടെങ്കിലും ആര്‍ബിട്രേഷനുപോയാല്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകും. ഇത് സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിനെ ബാധിക്കും. ആര്‍ബിട്രേഷനിലേക്ക് പോയി വര്‍ഷങ്ങളോളം ഈ ഭൂമിയില്‍ ഐടി വികസനം സാധ്യമാകാതെയുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലര്‍ വസ്‌തുത മറച്ചു വെച്ച് തെറ്റിദ്ധാരണ പരത്തുന്നു. അതില്‍ നിന്ന് വിട്ടു നില്‍ക്കണം. കേരളത്തിൻ്റെ ഐടി വികസനത്തിന് ഉതകുംവിധത്തില്‍ ഈ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുകയും ചെയ്യും. നഷ്‌ടപരിഹാരം കൊടുത്ത് പറഞ്ഞു വിടുക എന്നതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മലയാളികളോട് അത്രയും വൈകാരികമായി ചേര്‍ന്നു നില്‍ക്കുന്ന ഭൂപ്രദേശമാണ് യുഎഇ യും യുഎഇ ഗവണ്‍മെൻ്റും. ഏറ്റവും കൂടുതല്‍ മലയാളികളുള്ള മേഖലയാണത്. യുഎഇയിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ ഇടപെട്ട് നിരവധി ചര്‍ച്ചകളുടെയും സഹകരണത്തിൻ്റെയും ഭാഗമായാണ് സ്‌മാര്‍ട്ട് സിറ്റി കരാര്‍ ഉണ്ടായത്. പിന്മാറ്റനയം തയാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതൊക്കെ ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളു. ഇക്കാര്യങ്ങള്‍ കമ്മിറ്റി പരിശോാധിച്ച് വരികയാണ്.
സ്‌മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ ഓഹരിയുടെ വിലയാണ് മടക്കി നല്‍കേണ്ടി വരുന്നത്. ഇതുതന്നെ ഇന്‍ഡിപന്‍ഡൻ്റ് ഇവാല്യൂവേറ്റര്‍ തീരുമാനിക്കുന്നതാണ്. ഇത് നഷ്‌ടപരിഹാരമല്ല. ദുബായ് ഹോള്‍ഡിങ്ങ്‌സ് 2017 ല്‍ ദുബായ്ക്ക് പുറത്തുള്ള ഓപ്പറേഷന്‍സ് നിര്‍ത്തുന്നതായി തീരുമാനം കൈക്കൊണ്ടതിൻ്റെ കൂടി ഫലമായാണ് നിലവില്‍ ഈയൊരു സാഹചര്യം സ്മാര്‍ട്ട് സിറ്റിക്കുണ്ടായത്. ഇതെല്ലാം കമ്മിറ്റി കണക്കിലെടുക്കും.
ഏതെങ്കിലും സ്വകാര്യ കമ്പനികളുമായി ജോയിൻ്റ് വെന്‍ച്വര്‍ ഉദ്ദേശിക്കുന്നില്ല. അത്തരത്തില്‍ ഒരു സ്വകാര്യ പങ്കാളിത്തവും ഉണ്ടാവില്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാകും തുടര്‍ന്നുള്ള വികസനം. ഈ 246 ഏക്കര്‍ ഭൂമി കേരളത്തിൻ്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ തന്നെ ഇന്‍ഫോപാര്‍ക്കില്‍ 99% സ്ഥലവും വിവിധ കമ്പനികള്‍ പ്രയോജനപ്പെടുത്തിവരികയാണ്. പുതിയ കമ്പനികള്‍ക്ക് കടന്നുവരാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലപരിമിതി തടസമായി നില്‍ക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ പ്രശ്‌നങ്ങളെകുറിച്ചും മുന്നോട്ടുപോക്ക് എങ്ങനെ ആവണം എന്നതിനെ സംബന്ധിച്ചും പഠിച്ച് വ്യക്തമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ധന, റവന്യൂ നിയമ, ഇ&ഐ.ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കേറ്റ് ജനറലിൻ്റെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് തീരുമാനമായത്.
ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ടീകോം ചിലവാക്കിയ ലീസ് പ്രീമിയം തുകയായ 91.52 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചിലവഴിച്ച തുകയും കണക്കാക്കി ഓഹരിവില നല്‍കാവുന്നതാണ് എന്ന് ഫ്രെയിം വര്‍ക്ക് കരാറിൻ്റെ 19ാം പേജില്‍ വ്യക്തമാക്കുന്നുണ്ട്.
പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ടീകോമിന് തുക നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലായെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ടീകോമിന് നഷ്‌ട പരിഹാരമല്ല നല്‍കുന്നതെന്ന് ഇവിടെ അടിവരയിട്ടു സൂചിപ്പിക്കുകയാണ്. സ്‌മാര്‍ട്ട് സിറ്റിയില്‍ ടീകോം നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തല്‍ പ്രകാരം മൂല്യനിര്‍ണയം നടത്തുകയും മടക്കിനല്‍കാന്‍ കഴിയുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വഴി തീരുമാനമെടുക്കുകയും ചെയ്യും. ഇതാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.