കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് കേടായി. വൈക്കം തലയോലപ്പറമ്പ്, പാല, കോട്ടയം തിരുനക്കര മൈതാനം എന്നിവിടങ്ങളിലായിരുന്നു ഇന്ന് മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്ടിയിരുന്നത്. തലയോലപ്പറമ്പില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങുമ്പോഴാണ് പോഡിയത്തിലെ മൈക്ക് തകര്‍ന്നത്.
തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തുകയായിരുന്നു. ജോസ് കെ മാണിയും ബിനോയ് വിശ്വവും അടക്കമുള്ള ഘടക കക്ഷി നേതാക്കളും വേദിയിലുണ്ടായിരുന്നു. നേതാക്കള്‍ പകരം മൈക്ക് സംഘടിപ്പിക്കാനും ഒടിഞ്ഞ മൈക്ക് നേരെയാക്കാനും ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി കസേരയിലേക്ക് മടങ്ങി. പിന്നീട് 10 മിനിട്ടിനകം മൈക്ക് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും കോട്ടയത്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായത് വിവാദമായിരുന്നു. ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ അന്ന് മുഖ്യമന്ത്രിയുടെ മൈക്ക് തകരാറാവുകയായിരുന്നു. നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങില്‍ കേടായ മൈക്കിന് പകരം സംഘാടകര്‍ പുതിയ മൈക്ക് നല്‍കിയെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്‌മരണ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മൈക്കിന്‍റെ സാങ്കേതിക തകരാറ് കാരണം തടസപ്പെട്ടിരുന്നു. തകരാറ് പരിഹരിച്ചെങ്കിലും മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തത് വിവാദത്തിന് വഴി വെച്ചിരുന്നു.