തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടതെല്ലാം നഷ്‌ടപ്പെട്ടവർക്ക് ജീവിതം തിരിച്ചു പിടിക്കാൻ ഉദാരമായ സഹായഹസ്‌തവുമായി ലോകം. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ പ്രവാസ, ചലച്ചിത്ര മേഖലകളിൽ നിന്നും നിരവധി പേർ ദുരന്തഭൂമിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയെ ചേർത്തു പിടിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് പുറമെ ദുരന്ത ബാധിത ചൂരല്‍മലയില്‍ നഷ്‌ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 25 വീടുകളുടെ നിര്‍മാണ ചുമതല വിഡി സതീശന്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്‌മയായ ബിസിനസ് ക്ലബ് 50 വീടുകൾ നിര്‍മിച്ചു നല്‍കുമെന്നും വാഗ്‌ദാനം നല്‍കി.
ലൈബ്രറി കൗണ്‍സിലിന്‍റെ ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിങ് ഫീസും ലൈബ്രേറിയന്മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്‍റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ സന്നദ്ധമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം 150 ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയോ അതിനാവശ്യമായ തുക സര്‍ക്കാറിന് കൈമാറുകയോ ചെയ്യും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും. ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കും.
മതിയായ ഭൂമി ലഭ്യമാകുന്നതോടെ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും നൽകി.
കോഴിക്കോട് കാപ്പാടുള്ള യൂസുഫ് പുരയില്‍ തന്‍റെ അഞ്ച് സെന്‍റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാൻ വിട്ടുനല്‍കാമെന്ന് അറിയിച്ചു. ചലചിത്ര താരം നയന്‍താര 20 ലക്ഷം രൂപയും സിനിമ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കി. കിംസ് ഹോസ്‌പിറ്റൽ ഒരു കോടി രൂപയും പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപയും നൽകിയതായി അദ്ദേഹം അറിയിച്ചു.
വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്‌തു. ഭാര്യ കമല 33,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.