തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വർധനയും ഇ- ഗ്രാൻഡ് വിതരണവും ആവശ്യപ്പെട്ട് കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ചിൽ സംഘർഷം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് നിയമസഭയിൽ എത്തുന്നതിന് മുൻപ് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാർച്ച് ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനം കഴിഞ്ഞു പ്രതിപക്ഷ നേതാവ് മടങ്ങിയ ശേഷമാണ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കമ്പും വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് സംഘർഷം തുടങ്ങിയത്.
പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് ഏഴാം തവണയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ എംസി റോഡ് ഉപരോധിച്ച് പ്രതിഷേധം തുടർന്നതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാൻ ശ്രമം ആരംഭിച്ചു. ഇതിനിടെ പൊലീസും പ്രവർത്തകരുമായി വീണ്ടും കയ്യാങ്കളിയുണ്ടായി. സംഘർഷത്തിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനും പരിക്കേറ്റു. പ്രവർത്തകരെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്‌ത് നീക്കിയത്.
ALSO READ: കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം