തിരുവനന്തപുരം: ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷ റാങ്ക് ലിസ്‌റ്റിൽ മലയാളി തിളക്കം. യുപിഎസ്‌സി പ്രസിദ്ധീകരിച്ച 1016 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇടം നേടിയത് മൊത്തം 54 മലയാളികൾ. ഇതിൽ ആദ്യ 400 റാങ്കിനുള്ളിൽ 22 പേരാണ് സ്ഥാനമുറപ്പിച്ചത്. നാലാം റാങ്കുകാരനായ പി കെ സിദ്ധാർത്ഥ് രാംകുമാർ മുതൽ റാങ്ക് പട്ടികയിലെ മലയാളി സാന്നിധ്യം ആരംഭിക്കുന്നു.
ആദ്യ നൂറ് റാങ്കുകൾക്കുള്ളിൽ ഉൾപ്പെട്ടത് 7 മലയാളികളാണ്. ബി ടെക് ബിരുദധാരികളായ 26 പേരും എംബിബിഎസ് ബിരുദധാരികളായ 6 പേരും ലിസ്‌റ്റിലുണ്ട്. 8 പേർ ബിരുദാനന്തര ബിരുദധാരികളാണ്. 54 പേരിൽ മൂന്ന് പേർ മാത്രമാണ് സംസ്ഥാനത്ത് പുറത്തുള്ള മലയാളികൾ. നാലാം റാങ്കുകാരൻ പി കെ സിദ്ധാർത്ഥ് രാംകുമാർ, 31-ാം റാങ്കുകാരൻ വിഷ്‌ണു ശശികുമാർ, 40-ാം റാങ്കുകാരി അർച്ചന പി പി എന്നിവരാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. 59-ാം റാങ്ക് അടൂർ സ്വദേശി ബെൻജോ പി ജോസിനാണ്. അടൂർ പന്നിവിഴ സ്വദേശിയും കെജിഒഎ പത്തനംതിട്ട ജില്ല പ്രസിഡന്‍റുമായ ജോസ് ഫിലിപ്പിന്‍റെ മകനാണ് ബെൻജോ.
തളർച്ചകളിൽ കാലിടറാതെ: സിവിൽ സർവീസെന്ന സ്വപ്‌ന നേട്ടത്തിന് പിന്നിൽ തളർന്നു പോയ സമയത്ത് കൈപിടിച്ചുയർത്തിയവരെയാണ് എല്ലാവർക്കും ഓർക്കാനുള്ളത്. നാലാം റാങ്കുകാരനായ സിദ്ധാർത്ഥിന് പിതാവാണ് എല്ലാത്തിനും പിന്തുണ നൽകിയതെങ്കിൽ, 71-ാം റാങ്കുകാരിയായ ഫെബി റഷീദിന് ബന്ധുക്കളായിരുന്നു തളർച്ചകളിൽ കൈത്താങ്ങായി എത്തിയത്.
മുൻ ഡിജിപിയും പിതൃ സഹോദരനുമായ അലക്‌സാണ്ടർ ജേക്കബാണ് 246-ാം റാങ്കുകാരനായ ജേക്കബ് ജെ പുത്തൻ വീട്ടിലിനെ സിവിൽ സർവീസ് എന്ന സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത്. ആദ്യ ശ്രമത്തിലെ പരാജയത്തിന്‍റെ നിരാശയിൽ നിന്നും 205-ാം റാങ്കുകാരനായ അഞ്ജിത്ത് നായരെ കൈപിടിച്ചുയർത്തിയത് അച്‌ഛന്‍റെ വാക്കുകളും അമ്മയുടെ തലോടലുമാണ്.
ഇത്തവണ സിവിൽ സർവീസ് പരീക്ഷയെഴുതി അഖിലേന്ത്യ തലത്തിൽ വിജയികളായ ആകെയുള്ള 1016 പേരിൽ 180 പേർക്കാണ് ഐഎഎസ് സെലക്ഷൻ ലഭിക്കുക. സംവരണ വിഭാഗം ഉൾപ്പെടെയാണിത്. സംവരണ വിഭാഗം ഉൾപ്പെടെ 37 പേർക്ക് ഐഎഫ്എസും, ഇതേ മാനദണ്ഡത്തിൽ 200 പേർക്ക് ഐപിഎസും ലഭിക്കും.
613 പേർക്ക് കേന്ദ്ര സർക്കാരിന്‍റെ ഗ്രൂപ്പ് എ സർവീസുകളിലും, 113 പേർക്ക് ഗ്രൂപ്പ് ബി സർവീസുകളിലും നിയമനം ലഭിക്കും. 1016 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 54 മലയാളികളാണ് ഇടം നേടിയത്. ഇതിൽ ആദ്യ 400 റാങ്കുകൾക്കുള്ളിൽ 22 പേരും ആദ്യ 100 റാങ്കുകൾക്കുള്ളിൽ 7 പേരും മലയാളികളാണ്.