എറണാകുളം: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണക്കേസിൽ സിബിഐ കോടതിയിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. രണ്ടാഴ്ച്ചത്തേക്കാണ് സ്റ്റേ. മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് നടപടി. ഒഴിവാക്കപ്പെട്ട പ്രതികളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ജസ്റ്റിസ് ബദറുദീൻ്റെ ബെഞ്ചാണ് സിബിഐ കോടതിയിലെ വിചാരണ നടത്തിപ്പുകൾ താൽക്കാലികമായി സ്റ്റേ ചെയ്‌തത്.
2020 ജൂലൈ 28 നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു.
സിബിഐ കേസ് ഏറ്റെടുത്ത ശേഷം ചിലരെ പ്രതി ചേർത്തിരുന്നു. മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐ യോട് നോട്ടിസ് അയച്ച് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: കുടുംബ വഴക്ക്; തൃശൂരിൽ മകൻ അമ്മയെ കുത്തി കൊലപ്പെടുത്തി