കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ നടക്കുന്ന ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത് എന്ന് എംഎൽഎയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. അദ്ദേഹത്തിൻ്റെ വിടവ് ഒരിക്കലും നികത്താൻ ആകാത്ത ഒന്നാണെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ 20 മണ്ഡലങ്ങളിലും ഒരേസമയം എല്ലാ സ്ഥാനാർത്ഥികളുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
സ്ഥാനാർത്ഥികൾക്ക് വേണ്ട എല്ലാ പിന്തുണയും ഉമ്മൻചാണ്ടി നൽകിയിരുന്നെന്നും ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ കേരളത്തിൽ മത്സരിക്കുന്ന എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
"കുടുംബത്തിനെതിരെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ഈ ഘട്ടത്തില്‍ അത് ഒരു തരത്തിലും പാര്‍ട്ടിക്ക് ദോഷകരമായി വരരുതെന്ന് നിര്‍ബന്ധമുണ്ട്.താനും സഹോദരിയുമൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ പിതാവിന്‍റെ കല്ലറയെപ്പോലും അപമാനിക്കുകയാണ്. പുതുപ്പള്ളിയില്‍ എനിക്ക് വേണ്ടിപ്പോലും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലാത്ത അമ്മ പോലും ഇത്തവണ പ്രചാരണ രംഗത്തിറങ്ങാനാണ് തീരുമാനം. ഞാന്‍ തന്നെയാണ് അമ്മയോടും സഹോദരിയോടുമൊക്കെ സംസാരിച്ച് ഈയൊരു തീരുമാനത്തിലേക്ക് എത്തിയത് ". ചാണ്ടി ഉമ്മന്‍ കോട്ടയത്ത് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും നേരത്തേ വ്യക്തമാക്കിയിരുന്നു. "അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്. മക്കളായ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകും". മറിയാമ്മ ഉമ്മന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.