കോഴിക്കോട്: ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ ഇന്നും (ഓഗസ്റ്റ് 2) തെരച്ചില്‍ ഊര്‍ജിതം. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, മുങ്ങല്‍ വിദഗ്‌ധര്‍, സന്നദ്ധ സംഘടനയായ ടിഡിആര്‍എഫ് എന്നിവര്‍ സംയുക്തമായാണ് രക്ഷാദൗത്യം നടത്തുന്നത്.
നിലമ്പൂർ, എടവണ്ണ, അരിക്കോട്, മുക്കം, മാവൂർ, വാഴക്കോട്, പന്തീരാങ്കാവ്, ബേപ്പൂർ തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് പരിശോധന. ചാലിയാറിൽ എളമരം കടവ് പാലത്തിന് താഴെ വച്ചാണ് തെരച്ചിൽ ആരംഭിച്ചത്. ബോട്ടുകളിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
പൊലീസിന്‍റെ കീഴിലുള്ള ബോട്ടുകളും പ്രാദേശിക ബോട്ടുകളുമാണ് രക്ഷാദൗത്യത്തിനുള്ളത്. മഴ കുറഞ്ഞതോടെ ചാലിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അടിയൊഴുക്ക് ശക്തമാണ്. ഈ സാഹചര്യത്തില്‍ പുഴയില്‍ എവിടെയെങ്കിലും മൃതദേഹങ്ങള്‍ അടിഞ്ഞ് കിടക്കുന്നുണ്ടെങ്കില്‍ അത് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്.
കഴിഞ്ഞ ദിവസം മണന്തലക്കടവില്‍ നിന്നും പത്ത് വയസുകാരിയുടെ മൃതദേഹവും പന്തീരാങ്കാവ്, പൂക്കോട്ടുമണ്ണ എന്നിവിടങ്ങളില്‍ നിന്നും സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ഏതാനും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പുഴയില്‍ ഫയര്‍ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
Also Read: വയനാട്ടില്‍ ആറ് സെക്‌ടറുകളിലായി 40 ടീമുകള്‍; തെരച്ചില്‍ ആരംഭിച്ച് സംയുക്ത സംഘം