തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നശേഷം സർക്കാർ നിലപാട് വ്യക്തമാക്കുമെന്ന് പിന്നോക്ക പട്ടികജാതി വികസന മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയെ അറിയിച്ചു. അതുവരെ നിലപാടെ എടുക്കേണ്ടന്നതാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ബീഹാർ മാതൃകയിൽ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എംകെ മുനീർ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസ് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന മറുപടിയാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചതെന്ന് മുനീർ ആരോപിച്ചു. അതേസമയം 105 ആം ഭേദഗതി പ്രകാരം സംസ്ഥാനത്തിന് സാമൂഹിക, സാമ്പത്തിക സെൻസസ് നടത്താമെന്ന അധികാരം കേരള സർക്കാർ വിസ്‌മരിച്ചുവെന്നും എം കെ മുനീർ ആക്ഷേപിച്ചു.
നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ബീഹാറിൽ സെൻസസ് നടപ്പിലാക്കിയിട്ടുണ്ടെന്നും തെലങ്കാനയിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുനീർ പറഞ്ഞു. ജാതി സെൻസസ് ഏതെങ്കിലും ഒരു വിഭാഗത്തിനായല്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ അനുകൂലമാണോ പ്രതികൂലമാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും എം കെ മുനീർ പറഞ്ഞു. അതേസമയം 2021 ൽ നടത്തേണ്ടി ഇരുന്ന സെൻസസിന്‍റെ ഭാഗമായി സാമൂഹിക സാമ്പത്തിക വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നും ഒരു വിഭാഗത്തിന്‍റെയും ഒരുതരത്തിലുള്ള അവകാശങ്ങളും നിഷേധിക്കാനും ഇല്ലാതാക്കാനും കൂട്ടുനിൽക്കാന്‍ സർക്കാർ തയ്യാറല്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.