കോഴിക്കോട്: എൻഐടി ക്യാമ്പസിന് മുമ്പില്‍ സ്വകാര്യ ബസ് ജീവനക്കാരും എൻഐടിയിലെ സെക്യൂരിറ്റി ജീവനക്കാരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിൽ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍റെയും സ്വകാര്യ ബസ് ജീവനക്കാരുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് എൻഐടിയുടെ പ്രധാന കവാടത്തിന് മുമ്പിൽ സ്വകാര്യ ബസ് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്.
എൻഐടിയിലെ അധ്യാപകൻ കാറുമായി ഗേറ്റിന് പുറത്തേക്ക് വന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ സ്വകാര്യ ബസ് പാഞ്ഞുവന്നു. കൂട്ടിയിടി ഒഴിവാക്കാനായി ഇരു വാഹനങ്ങളും സഡന്‍ ബ്രേക്കിട്ടു. സംഭവത്തില്‍ പരിഭ്രമിച്ച അധ്യാപകന് കാര്‍ പിറകിലേക്ക് എടുക്കാനായില്ല. ഇതോടെ ബസ് ജീവനക്കാരെത്തി ബഹളം വച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതോടെ എൻഐടിയിലെ സെക്യൂരിറ്റി ജീവനക്കാരെത്തി പ്രശ്‌നത്തിൽ ഇടപെട്ടു. ഇത് കയ്യാങ്കളിയിലെത്തുകയായിരുന്നു. സംഘര്‍ഷത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനും ബസ് ജീവനക്കാർക്കും പരിക്കേറ്റു. ഇവർ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം എന്‍ഐടി ക്യാമ്പസിനകത്ത് കൂടെ കടന്നു പോകുന്ന കോഴിക്കോട് കുന്ദമംഗലം അഗസ്ത്യമുഴി റോഡ് അടയ്ക്കാന്‍ മുമ്പ് എൻഐടി മാനേജ്‌മെന്‍റ് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുയർന്നതോടെ എൻഐടി സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റി.
പ്രതിഷേധം തണുത്തതോടെ ഇപ്പോൾ എൻഐടി വീണ്ടും ആസൂത്രിതമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നതിൻ്റെ ഭാഗമാണ് ബസ് ജീവനക്കാരുമായി നടന്ന സംഘർഷമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഘർഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: മാവൂരില്‍ ബസ് കുറുകെയിട്ട് ജീവനക്കാരുടെ കയ്യാങ്കളി; അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്