കോഴിക്കോട്: കൂടരഞ്ഞിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ അബിൻ ബിനു (27) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സെൻ്റ് ജോസഫ് ആശുപത്രി മാനേജ്മെൻ്റിനെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു. അബിൻ്റെ ബന്ധു അനീഷ്‌മോൻ ആൻ്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടർമാരുടെയും ശാസ്ത്രീയ വിദഗ്‌ധരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തി വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തിരുവമ്പാടി ചവലപ്പാറ പുതിയകുന്നേൽ ബിനു, രാജി എന്നിവരുടെ മകനായ അബിൻ ബിനു കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് കൂടരഞ്ഞി കരിങ്കുറ്റിയിലെ സെൻ്റ് ജോസഫ് ആശുപത്രി ക്യാൻ്റീനു സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആശുപത്രി മാനേജ്‌മെൻ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര സുരക്ഷാവീഴ്‌ച ചൂണ്ടിക്കാട്ടി അബിൻ്റെ പിതാവ് ബിനു താമരശ്ശേരി ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. വൈദ്യുതാഘാതമേറ്റ മകന് വിദഗ്‌ധചികിത്സ ലഭ്യമാക്കാനോ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യാനോ സെൻ്റ് ജോസഫ് ആശുപത്രി മാനേജ്മെൻ്റ് തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
ക്യാൻ്റീൻ പരിസരത്ത് അലക്ഷ്യമായിട്ടിരുന്ന വയറിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രക്ഷപ്പെടുത്തുന്നതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഷോക്കേറ്റിരുന്നു. എന്നാൽ കാര്യമായ പരിക്കേറ്റിരുന്നില്ല.
Also Read: മരം മുറിക്കുന്നതിനിടെ ഷോക്കേറ്റു; കോട്ടയത്ത് ഒരാള്‍ മരിച്ചു