തിരുവനന്തപുരം : ആദിവാസികളോടും സ്ത്രീകളോടുമുള്ള മാർക്‌സിസ്റ്റ് പാർട്ടിയുടെ എതിർപ്പ് കാരണമാണ് ബില്ലുകൾ തടഞ്ഞുവച്ചത് ചോദ്യം ചെയ്‌ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്ന് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാർഥി വി മുരളീധരൻ. രാഷ്ട്രപതിക്കെതിരെ സിപിഎം സുപ്രീംകോടതിയിൽ കേസിന് പോകുന്നു എന്നത് രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണ്. ഇതിനുമുൻപും പല ബില്ലുകളും അംഗീകരിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് വരെ രാജ്യത്ത് രാഷ്ട്രപതിക്കെതിരായി ഒരു സർക്കാരും ഒരു പാർട്ടിയും കേസിനു പോയിട്ടില്ലെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതയെ ഇന്ത്യയുടെ പരമോന്നത പദവിയിലേക്ക് നിർദേശിച്ചപ്പോൾ തന്നെ മാർക്‌സിസ്റ്റ് പാർട്ടി എതിർത്തിരുന്നു. ആദിവാസി വിഭാഗങ്ങളോടുള്ള സിപിഎമ്മിന്‍റെ എതിർപ്പാണ് നിലവിലെ നീക്കത്തിന് കാരണം. സിപിഎമ്മിന് എല്ലാകാലത്തും സ്ത്രീവിരുദ്ധ നിലപാടാണ്. കേരളത്തിൽ ആദിവാസി ഫണ്ട് ദുരുപയോഗം ചെയ്യുന്നവരാണ് സിപിഎമ്മുകാർ.
രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് ആദിവാസികൾക്കെതിരെ സിപിഎം നടത്തുന്ന നീക്കം ജനങ്ങൾ അംഗീകരിക്കില്ല. ബില്ലുകൾ വൈകുന്നത് ആദ്യമല്ല. ഇപ്പോൾ മാത്രം സുപ്രീം കോടതിയെ സമീപിക്കാൻ കാരണമെന്താണ്? അഴിമതിക്ക് കളമൊരുക്കാൻ വേണ്ടി തയ്യാറാക്കിയ ബില്ലുകളാണ് പിടിച്ചു വച്ചിരിക്കുന്നത്.
പെൻഷൻ നൽകാൻ പണമില്ലാത്തവർ എന്തിനു മുഖാമുഖം നടത്തുന്നു? മുഖാമുഖം മാമാങ്കം ഒഴിവാക്കി പെൻഷൻ നൽകിക്കൂടെ? സിവിൽ സർവീസിലുള്ള ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതാവുമായി ചേർന്ന് രാഷ്ട്രപതിക്ക് എതിരെ എങ്ങനെ ഹർജി നൽകാൻ കഴിയും? ഒരു കാലത്ത് ഗൗരിയമ്മയുടെ പേര് പറഞ്ഞ് വോട്ട് പിടിച്ചവരാണ്. അതിന് ശേഷം സ്ത്രീ വേണ്ട പുരുഷൻ മതിയെന്ന് മാർക്‌സിസ്റ്റ് പാർട്ടി തീരുമാനിച്ചു.
1600 രൂപ പെൻഷൻ കൊടുക്കാൻ പറ്റാത്തവർ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീംകോടതിയിലെ അഭിഭാഷകനെ എങ്ങനെ കേസിന് വേണ്ടി അണിനിരത്തുന്നു? കേരളത്തിൽ ഭീകരവാദികൾക്ക് അനുകൂലമായി ശബ്‌ദമുയർത്താൻ മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിൽ മത്സരമാണെന്നും മുരളീധരൻ പറഞ്ഞു.
ജോലി വാഗ്‌ദാനം ചെയ്‌ത് കബളിപ്പിക്കപ്പെട്ട് റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ നടത്തുകയാണ്. റിക്രൂട്ടിങ് ഏജൻസികൾക്കെതിരെയും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.