കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഗോതമ്പ് റോഡ് സ്വദേശി ജസീമിന്‍റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ഇന്ന് (ഓഗസ്റ്റ് 14) ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ മുന്നില്‍ നിന്നും പുകയുയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ പുറത്തിറങ്ങി. ഇതോടെ തീ ആളിക്കത്തുകയായിരുന്നു.
ആദ്യം പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാൽ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ മുക്കം അഗ്‌നിരക്ഷ സേനയെ വിവരമറിയിച്ചു. തുടർന്ന് മുക്കം അഗ്നി രക്ഷ നിലയത്തിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ പി.എം അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചു.
ഷോട്ട് സർക്യൂട്ട് ആണ് കാറിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക സൂചന. കാറിൻ്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ കാർ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സജിത്ത് ലാൽ, വൈ പി ഷറഫുദ്ദീൻ, ഫാസിൽ അലി, ചാക്കോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Also Read: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒരാൾ വെന്തുമരിച്ചു