കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും വയനാട്ടിലും സ്ഥാനാര്‍ഥി ചിത്രം തെളിയുന്നു. പാലക്കാടും ചേലക്കരയിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്താൻ പിവി അന്‍വർ തീരുമാനിച്ചു. പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജും ചേലക്കരയില്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍കെ സുധീറും അൻവറിന്‍റെ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥികളാകും. ഇന്ന് (ഒക്‌ടോബര്‍ 17) പാലക്കാട് അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
കോൺഗ്രസിനോട് ഇടഞ്ഞ പി.സരിൻ സ്വതന്ത്രനായി രംഗത്തിറങ്ങും. 11.45ന് നടക്കുന്ന വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടായേക്കും. കോൺഗ്രസിനെ സരിൻ തള്ളിപ്പറയുമോ എന്നാണ് സിപിഎം ക്യാമ്പ് ഉറ്റുനോക്കുന്നത്. അങ്ങിനെയെങ്കിൽ സരിനെ എൽഡിഎഫ് പിന്തുണച്ചേക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കോൺഗ്രസ് റിബൽ ലേബലിൽ സരിൻ ഇറങ്ങി വോട്ട് ഭിന്നിപ്പിച്ചാൽ അത് പാർട്ടി സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമോയെന്നും സിപിഎം ചിന്തിക്കുന്നുണ്ട്. എന്തായാലും സരിന്‍റെ തീരുമാനത്തിന് പിന്നാലെ നീക്കങ്ങൾക്ക് ഉത്തരം ലഭിക്കും.
അഞ്ച് ലക്ഷം മറികടക്കാന്‍ 'വയനാടിന്‍റെ പ്രിയങ്കരി'
ഭൂരിപക്ഷം അഞ്ച് ലക്ഷം മറികടക്കാൻ 'വയനാടിന്‍റെ പ്രിയങ്കരി' കാമ്പയിനുമായി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രവർത്തനം ആരംഭിച്ച കോൺഗ്രസിനോട് പോരാടാൻ സിപിഐ സത്യൻ മൊകേരിയെ കളത്തിലിറക്കും. സിറ്റിങ് എംപി ആയിരിക്കെ 2014ൽ എംഐ ഷാനവാസിന്‍റെ ഭൂരിപക്ഷം കുത്തനെ കുറക്കാൻ കഴിഞ്ഞതിന്‍റെ പ്രതാപത്തിലാണ് സത്യൻ മൊകേരിയെ സിപിഐ പരിഗണിക്കുന്നത്. അതിനിടെ മൂന്ന് മണ്ഡലങ്ങളിലേയും ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഏത് സമയത്തും പ്രതീക്ഷിക്കാം.