കണ്ണൂർ : തിരുമേനിയിലെ അബ്രഹാമിന്‍റെ തോട്ടത്തിൽ വിളയുന്നത് ജാതിക്ക, മാംഗോസ്റ്റിൻ, റംബൂട്ടാൻ, മാങ്ങ തുടങ്ങി ഭീമൻ കലാബാഷ് വരെയാണ്. ചുരുക്കി പറഞ്ഞാൽ വേറെ ലെവലാണ് അബ്രഹാമിന്‍റെ തോട്ടം. മാറ്റുരയ്‌ക്കാൻ നിരവധി ഇനങ്ങളുണ്ടെങ്കിലും കലാബാഷ് ആണ് തോട്ടത്തിലെ താരം. ഫുട്ബോൾ പോലെ വളരുന്ന ഫലം. മൂപ്പെത്തിയാൽ മുറിക്കാൻ കട്ടർ വേണ്ട സ്ഥിതിയാണ്.
അബ്രഹാമിന്‍റെ സുഹൃത്ത് അമേരിക്കയിൽ നിന്നുകൊണ്ടുവന്ന് നൽകിയതാണ് ഔഷധഗുണമുള്ള കലാബാഷ്. 9 വർഷം മുമ്പാണ് വൃക്ഷത്തിന്‍റെ തൈകൾ എത്തിച്ചത്. രണ്ടുവർഷം കൊണ്ട് കായ്ച്ച് തുടങ്ങി. 20 ഇഞ്ച് വരെ വ്യാസമുള്ള പഴത്തിന്‍റെ പുറം തൊലിക്ക് നല്ല ഉറപ്പാണ്. കട്ടിയുള്ള പുറന്തോട് പലപ്പോഴും കട്ടര്‍ ഉപയോഗിച്ചാണ് മുറിക്കുക. തോട് ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്‌തുക്കളും പാത്രങ്ങളും നിർമിക്കാം. ഈ മരത്തിന് കമണ്ഡലു എന്നും പേരുണ്ട്.
ഇതിന്‍റെ കായ സന്യാസിമാർ കമണ്ഡലു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ഉദര -ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുനിർമാണത്തിന് കലാബാഷ് പഴങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജന്മദേശം തെക്കേ അമേരിക്കയിലാണ്. ഉഷ്‌ണ മേഖല പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടി വരെ ഉയരത്തിൽ വളരും.
കലാബാഷ് കായ്‌ച്ചതറിഞ്ഞ് ബെംഗളൂരുവിൽ നിന്ന് ആളുകൾ എത്തി മരുന്ന് നിർമാണത്തിന് കായ്‌കൾ കൊണ്ടുപോകാറുണ്ട്. എന്നാൽ ഔഷധഗുണമുള്ള ഇതിന് പ്രാദേശികമായി കേരളത്തിൽ വിപണി കുറവാണ്. ആഗോള വിപണിയിൽ കലാബാഷിന് വലിയ വിലയുണ്ടെന്നും ഈ കർഷകൻ പറയുന്നു.
Also Read : ഹൈറേഞ്ചില്‍ ചൂട് കൂടി, ആവശ്യക്കാരും; പാഷൻ ഫ്രൂട്ട് വില ഉയർന്നു